ഭയം വേണ്ട, ശ്രദ്ധ വേണം: ആരോഗ്യമന്ത്രി
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ ഭീതി പരത്തേണ്ട ആവശ്യമില്ലെന്നും ആര്‍ക്കും ഭയം വേണ്ടെന്നും ശ്രദ്ധയും ജാഗ്രതയും ഉണ്ടായാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ വൈറസിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ദൂരെ നിന്ന് കണ്ടാല്‍ പോലും വൈറസ് പകരുമെന്ന തരത്തില്‍ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളവരോട് പെരുമാറരുത്. വളരെ അടുത്ത് ഇടപഴകുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി.
ഇതൊഴിവാക്കുന്നതിനാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളവര്‍ പരമാവധി വീടുകളില്‍ കഴിയണമെന്നും എല്ലാവരും പൊതുസമ്പര്‍ക്കം പരമാവധി കുറക്കണമെന്നും നിര്‍ദേശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ സി.കെ നാണു എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുണ്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ തുടങ്ങിയവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."