സൈനയെ വീഴ്ത്തി സിന്ധു
ന്യൂഡല്‍ഹി: ബാഡ്മിന്റണിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ സൈന നേഹ്‌വാളും പി.വി സിന്ധുവും നേര്‍ക്കുനേര്‍ വന്ന ത്രില്ലര്‍ പോരാട്ടത്തില്‍ വിജയം സിന്ധുവിനൊപ്പം. ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലാണു ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ജയത്തോടെ സിന്ധു സെമി ഫൈനലിലേക്കു മുന്നേറി.
രണ്ടു സെറ്റു നീണ്ട പോരാട്ടത്തില്‍ 21-16, 22-20 എന്ന സ്‌കോറിനാണു സൈനയെ സിന്ധു വീഴ്ത്തിയത്. പൊരുതിയാണു കീഴടങ്ങിയതു എന്ന ആശ്വാസത്തില്‍ സൈന മടങ്ങി.
തുടക്കം മുതല്‍ ഒടുക്കം വരെ ഇരുവരും ഇഞ്ചോടിഞ്ചു പൊരുതി. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് നില 7-7 എന്ന നിലയിലായിരുന്നു. ആക്രമണവും പ്രതിരോധവും ഒരു പോലെ ഇരുവരും പുറത്തെടുത്തതോടെ മത്സരം കടുപ്പമേറിയതായി. മത്സരം പുരോഗമിക്കവേ സൈന വരുത്തിയ പിഴവുകള്‍ സമര്‍ഥമായി മുതലെടുത്ത സിന്ധു പോരിന്റെ നിയന്ത്രണമേറ്റെടുത്തതോടെ ആദ്യ ഗെയിം സിന്ധുവിനു സ്വന്തമായി.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ സൈനയായിരുന്നു മുന്നില്‍. ആദ്യ ഗെയിമിലെ പിഴവുകള്‍ തിരുത്തി തുടങ്ങിയ സൈന 4-1 എന്ന നിലയില്‍ ലീഡെടുത്തു. തന്റെ ഉയരവും അതിന്റെ ആനുകൂല്യത്തില്‍ പ്രയോഗിക്കുന്ന സ്മാഷുകളുമായി സിന്ധു തിരിച്ചടിക്കു കോപ്പു കൂട്ടിയെങ്കിലും ലീഡ് 11-7 എന്ന നിലയിലെത്തിക്കാന്‍ സൈനയ്ക്കു സാധിച്ചു. ഇടവേള കഴിഞ്ഞു വീണ്ടും മത്സരം തുടങ്ങിയപ്പോള്‍ സിന്ധു തിരിച്ചടിച്ചു. പവര്‍ഫുള്‍ സ്മാഷുകളുമായി കളം നിറഞ്ഞ സിന്ധു ലീഡ് 10-14 എന്നാക്കി കുറച്ചു.
പക്ഷേ ലീഡ് വിടാതെ സൈന മുന്നേറിയതോടെ മത്സരം മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കുമെന്ന പ്രതീതി ഉണര്‍ന്നു. 19-16 എന്ന നിലയില്‍ ലീഡുമായി സൈന നില്‍ക്കേ മൂന്നു തുടര്‍ പോയിന്റുകള്‍ നേടി സിന്ധു മത്സരത്തിലേക്കു ഗംഭീര തിരിച്ചുവരവു നടത്തി സ്‌കോര്‍ 19-19 എന്ന നിലയിലെത്തിച്ചു.
20ാം പോയിന്റില്‍ നില്‍ക്കേ മത്സരം സ്വന്തമാക്കാനുള്ള അവസരം സൈനയ്ക്കു ലഭിച്ചെങ്കിലും സര്‍വിസിലെ പിഴവു താരത്തിനു തിരിച്ചടിയായതോടെ സിന്ധു 20-20 എന്ന നിലയില്‍ ഒപ്പമെത്തി. പിന്നീടു തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ സ്വന്തമാക്കി സിന്ധു മത്സരവും സെമി ബര്‍ത്തും ഉറപ്പാക്കി. ഇന്നു നടക്കുന്ന സെമിയില്‍ സിന്ധു ലോക രണ്ടാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യാനിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."