അശ്വതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ചികിത്സാസഹായം കൈമാറി
കോഴിക്കോട്: കര്‍ണാടകയിലെ കല്‍ബുര്‍ഗി അല്ഖമാര് നഴ്സിങ് കോളജില്‍ ക്രൂരമായി റാഗിങിന് ഇരയായ മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതിയെ പട്ടികജാതി- പട്ടികവര്‍ഗമന്ത്രി എ.കെ.ബാലന് സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ചികിത്സാസഹായം അശ്വതിയുടെ അമ്മ ജാനകിയ്ക്ക് കൈമാറി.
അശ്വതിയുടെ തുടര്‍ ചികിത്സാചെലവും വിദ്യാഭ്യാസ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് എ.കെ.ബാലന് പറഞ്ഞു. തുടര്‍ വിദ്യാഭ്യാസം കേരളത്തില്‍ നടത്തുന്നതിന് സാങ്കേതികമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അത് പരിഹരിക്കും. പഠനം പൂര്‍ത്തിയായി വിജയിച്ചാല്‍ ഉടന്‍ അശ്വതിക്ക് ജോലി നല്‍കും. ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കും.
അശ്വതിയുടെ കേസ് അട്ടിമറിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടും. മുഖ്യമന്ത്രിയും താനും കര്‍ണാടക സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും കേസിന്റെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. പുരുഷന് കടലുണ്ടി എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.പി.ദാസന് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."