HOME
DETAILS
MAL
കൊവിഡ്: ആശ്വാസ പദ്ധതികളുമായി സഊദി
backup
April 03 2020 | 02:04 AM
- സാമൂഹിക നിധിയില്‍ 50 കോടി റിയാല്‍
- തൊഴില്‍ മേഖലാ
പ്രതിസന്ധി നേരിടാന്‍ 17 ബില്യന്‍ റിയാല്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കോവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി 50 കോടി റിയാല്‍ നീക്കിവച്ചു. പ്രതിസന്ധി ലഘൂകരിക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ജനറല്‍ അതോറിറ്റി ഫോര്‍ ഔഖാഫും ചേര്‍ന്ന് സാമൂഹികനിധി സ്ഥാപിച്ചാണ് പ്രതിസന്ധി പരിഹരിക്കാനായി പ്രത്യേക തുക നീക്കിവച്ചത്. വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ തുക ഉപയോഗിച്ചാണ് പ്രത്യാഘാതം പരിഹരിക്കുന്നതിനുള്ള തുക കണ്ടെത്തിയത്. നിലവില്‍ 50 കോടി റിയാലാണ് നീക്കിവച്ചത്. മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി നിധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മൂലധനമായ അന്‍പതു കോടി റിയാലിലേക്ക് 10 കോടി റിയാല്‍ ഔഖാഫ് അതോറിറ്റിയുടെ സംഭാവനയും അഞ്ചു കോടി റിയാല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സംഭാവനയും അഞ്ചു കോടി റിയാല്‍ സ്വകാര്യ ഫൗണ്ടേഷനുകളുടെയും കമ്പനികളുടെയും സംഭാവനയുമാണ്. മൂലധനത്തിലെ ശേഷിക്കുന്ന ഭാഗം സമാഹരിക്കുന്നതിന് വ്യവസായികളുടെയും വ്യക്തികളുടെയും മറ്റു ഫൗണ്ടേഷനുകളുടെയും സഹായം തേടും. കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച ദരിദ്രര്‍, വികലാംഗര്‍, വിധവകള്‍, വിവാഹമോചിതര്‍, തടവുകാരുടെ കുടുംബങ്ങള്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍, ഉംറക്കും സിയാറത്തിനും സഊദിയില്‍ എത്തി കുടുങ്ങിയവര്‍ തുടങ്ങി സഹായം ഏറ്റവും കൂടുതല്‍ ആവശ്യമായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സാമൂഹിക പദ്ധതികള്‍ക്ക് നിധിയില്‍നിന്ന് ധനസഹായം നല്‍കുകയും ഈ ലക്ഷ്യത്തോടെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിഹരിക്കാനായി പതിനേഴു ബില്യന്‍ റിയാലും നീക്കി വച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക, തൊഴില്‍ മേഖലകളെ നേരിടാനായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തുക നീക്കിവച്ചത്.സ്വകാര്യമേഖലയെ സഹായിക്കാനായാണ് തുക നീക്കിവച്ചതെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഹസനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."