HOME
DETAILS
MAL
രാജ്യത്തെ ഭയപ്പെടുത്തി മുംബൈയിലെ ധാരാവി ചേരി
backup
April 03 2020 | 07:04 AM
മുംബൈ: കൊവിഡ് സാമൂഹിക വ്യാപനം തടയാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാജ്യത്തെ ഭയപ്പെടുത്തി മുബൈയിലെ ധാരാവി ചേരി. സര്‍ക്കാര്‍ ഇവിടെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ധാരാവിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ, മരിച്ചയാള്‍, രോഗം സ്ഥിരീകരിച്ചയാള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്.
എന്നാല്‍, ചേരിയിലെ ജനസംഖ്യയും ജീവിതരീതിയും കണക്കിലെടുക്കുമ്പോള്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കൂടുതല്‍ പേര്‍ക്കു കൊവിഡ് സ്ഥിരീകരിക്കുന്നതു രാജ്യം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 56കാരനായിരുന്നു കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നത്.
ഇയാള്‍ പുറത്തെവിടെയും യാത്ര ചെയ്തതായി അറിവില്ലാത്തതിനാല്‍ വൈറസിന്റെ സാമൂഹിക വ്യാപനമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്. ഇദ്ദേഹം താമസിച്ചിരുന്ന സര്‍ക്കാര്‍ നിര്‍മിത കെട്ടിടത്തില്‍ 300 ഫ്‌ളാറ്റുകളുണ്ടെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇവിടെ ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം, മുംബൈയില്‍ മൂന്നു ദിവസം പ്രായമായ കുട്ടിക്കു കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവിനും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവരുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും അഭ്യര്‍ഥിച്ച ഭര്‍ത്താവ്, ഭാര്യ ചികിത്സതേടിയ ആശുപത്രിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഇയാളുടെ ഭാര്യയെ പ്രസവത്തിനായി ചെമ്പൂര്‍ സബര്‍ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ പ്രസവിക്കുകയും ചെയ്തു. ആദ്യം ആശുപത്രിയിലെ റൂമില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നെന്നും പിന്നീട് പരിശോധനകള്‍ കൂടാതെ മറ്റൊരു രോഗിയെയും ആശുപത്രി അധികൃതര്‍ ഇതേ റൂമില്‍ താമസിപ്പിച്ചെന്നുമാണ് ആരോപണം.
ഈ രോഗിക്കു പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, രോഗിക്കു കൊവിഡ് സ്ഥിരീകരിച്ച കാര്യം ആശുപത്രി അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും യുവാവ് ആരോപിക്കുന്നു. പിന്നീട് ഒരു ഡോക്ടറാണ് സ്വകാര്യമായി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം കൈയില്‍നിന്നു പൈസ മുടക്കിയാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ആശുപത്രി വിടാന്‍ ഡോക്ടര്‍മാര്‍ തങ്ങളെ നിര്‍ബന്ധിച്ചെന്നും ഇദ്ദേഹം പറയുന്നു. നിലവില്‍ സിറ്റിയിലെ കസ്തൂര്‍ബ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."