കാസര്‍കോട്ട് നിരീക്ഷണത്തിലുള്ളവര്‍ 10,000 കടന്നു
സ്വന്തം ലേഖകന്‍
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം നിത്യേന പെരുകുന്നതിനിടയിലാണ് 10,240 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളതായി അധികൃതര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികളില്‍ 177 പേര്‍ നിരീക്ഷണത്തിലുള്ളപ്പോള്‍ 10063 പേര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലാണ്. ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലേക്ക് 135 ആയിട്ടുണ്ട്. അതേസമയം ഇതുവരെയായി ജില്ലയില്‍ നിന്നും 1214 സാംപിളുകള്‍ മാത്രമാണ് പരിശോധനക്ക് അയച്ചത്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പത്തിലൊന്നു പേരുടെ സാംപിള്‍ മാത്രമാണ് മൂന്നാഴ്ച പിന്നിട്ടിട്ടും പരിശോധനക്ക് അയക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്. ജില്ലയിലെ ആരോഗ്യ മേഖലയിലുള്ള അപര്യാപ്തതയുടെ ആഴം എത്രത്തോളമാണെന്നതിന്റെ തെളിവു കൂടിയാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പല പ്രവാസികളും സ്വയം ശ്രവ പരിശോധനക്കും മറ്റും തയാറാണെങ്കിലും ഇതിനുള്ള സൗകര്യം ജില്ലയില്‍ ഇല്ലാത്തതും അധികൃതരുടെ അനുമതി ലഭിക്കാത്തതും വിനാകുന്നുണ്ട്.
സമ്പര്‍ക്കം വഴിയും ജില്ലയില്‍ മുപ്പതിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ചെറിയ കുട്ടികളും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടും. ഇതിന് പുറമെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിക്കും ഉള്‍പ്പെടെ രോഗബാധ കണ്ടെത്തിയിരുന്നു. നിത്യേന രോഗ ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നത് തെല്ലൊന്നുമല്ല ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."