കിണറുകളും കുളങ്ങളും വറ്റി വരണ്ടു ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍
പള്ളിക്കല്‍: ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലെ കിണറുകളും കുളങ്ങളും വറ്റി വരണ്ടതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ്. മിക്ക കൃഷിയിടങ്ങളിലെയും കുഴിക്കിണറുകളും കുളങ്ങളും വറ്റിയതോടെ വിളവെടുക്കാറായ കൃഷികളുള്‍പ്പെടെ നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷികള്‍ നശിച്ച നിലയിലാണ്.
നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൃഷി ഓഫിസില്‍ അപേക്ഷ നല്‍കിയതായി കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുച്ചമായ നഷ്ടപരിഹാരം ജൈവവളം വാങ്ങിയ ചിലവിന് പോലും തികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ കാലം വരെ മെയ് മാസം പകുതിയോടെ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഏപ്രില്‍ മാസം എത്തും മുമ്പേ തന്നെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങിയ നിലയിലാണ്. സൗജന്യമായി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണ വാഹനങ്ങളും കാത്ത് സ്ത്രീകള്‍ വഴിയോരങ്ങളില്‍ കുടങ്ങളും ബക്കറ്റുകളുമായി കാത്തിരിക്കുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും കാണാന്‍ കഴിയുന്നത്. വരള്‍ച്ച രൂക്ഷമായതോടെ കുഴല്‍ കിണര്‍ നിര്‍മാതാക്കള്‍ക്കും വെള്ളം ടാങ്കറുകളില്‍ വില്പന നടത്തുന്നവര്‍ക്കും ഇപ്പോള്‍ കൊയ്ത്തു കാലമാണ്. കുഴല്‍ കിണറുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും കുഴല്‍ കിണര്‍ നിര്‍മാണം ഇപ്പോഴും തകൃതിയായി തന്നെ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."