ഫ്രാന്‍സിന് ഇന്ന് ഐസ്‌ലന്‍ഡ് ചലഞ്ച്
പാരിസ്: യൂറോ കപ്പിലെ അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ഇന്നു ഐസ്‌ലന്‍ഡിനെ നേരിടും. ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ ഐസ്‌ലന്‍ഡിനെ കരുതലോടെ നേരിടാനാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെതിരേ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഫ്രാന്‍സിന്റെ ജയം. ആതിഥേയരെന്ന ആനുകൂല്യം മാത്രമാണ് ഫ്രാന്‍സിന് ഉള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ കരുത്തിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ടീമിനായിട്ടില്ല. മുന്നേറ്റത്തില്‍ അന്റോണിയോ ഗ്രിസ്മാന്‍ ഫോമിലേക്കുയര്‍ന്നത് നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിന് ഗുണം ചെയ്‌തേക്കും.
ഐസ്‌ലന്‍ഡിനെതിരേ ആക്രമണം മത്സരം കാഴ്ച്ചവച്ചാല്‍ മാത്രമേ ടീമിന് ജയ സാധ്യതയുള്ളൂ. ഗ്രിസ്മാനും ദിമിത്രി പയെറ്റും അവസരത്തിനൊത്തുയര്‍ന്നാല്‍ ടീമിന് ജയം നേടാന്‍ സാധിക്കും. പോള്‍ പോഗ്ബ, കോമാന്‍, കബായെ, മാറ്റിയൂഡി എന്നിവര്‍ മധ്യനിരയില്‍ മികവു പുലര്‍ത്തുന്നവരാണ്. എന്നാല്‍ എവ്‌ര നയിക്കുന്ന പ്രതിരോധം ആശങ്കപ്പെടുത്തുന്നതാണ്. കോസില്‍നി കളിക്കാതിരുന്ന സാഹചര്യത്തില്‍ ഇതു കൂടുതല്‍ ദുര്‍ബലമാകും. സാഗ്ന, ഉംതിതി എന്നിവര്‍ക്കായിരിക്കും എവ്‌രയ്‌ക്കൊപ്പം പ്രതിരോധം കാക്കാനുള്ള ചുമതല.
അതേസമയം ഫ്രാന്‍സിന്റെ കരുത്തിനെ ഞെട്ടിക്കാനുറച്ചാണ് ഐസ്‌ലന്‍ഡ് കളത്തിലിറങ്ങുന്നത്. ആര്‍ക്കും പരുക്കും സസ്‌പെന്‍ഷനും ഇല്ലാത്തത് ടീമിന് കൂടുതല്‍ കരുത്തേകുന്നു. സിഗൂര്‍സനും സിഗ്‌തോര്‍സനുമാണ് ഐസ്‌ലന്‍ഡ് നിരയില്‍ ഫോമിലുള്ള താരങ്ങളും. ഇതോടൊപ്പം ടൂര്‍ണമെന്റിലെ കരുത്തുറ്റ പ്രതിരോധനിര എന്ന പേരും ഐസ്‌ലന്‍ഡിന് സ്വന്തമാണ്. സെവാര്‍സന്‍, അര്‍നാസന്‍, സ്‌കുലാസന്‍ എന്നിവരടങ്ങുന്ന പ്രതിരോധ നിര എതു വമ്പന്‍ ടീമിനും വെല്ലുവിളിയുയര്‍ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."