നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം: ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് മാധ്യമങ്ങളും സംഘ്പരിവാറും
സ്വന്തം ലേഖകന്‍
മലപ്പുറം: ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് അടുത്തുള്ള തബ്‌ലീഗ് ജമാഅത്തിന്റെ കീഴിലുള്ള പള്ളിയില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് കൊവിഡ് പിടിപെട്ടതിന്റെ മറവില്‍ ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങളും സംഘ്പരിവാരും. കഴിഞ്ഞമാസം രണ്ടാം വാരം നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗം പിടിപെടുകയോ നിരീക്ഷണത്തില്‍ ആവുകയോ ചെയ്ത പശ്ചാത്തലത്തില്‍ ആണ് കൊവിഡ് വിഷയം പൊടുന്നനെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടത്.
ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ മറവില്‍ നഗ്നമായ മുസ്‌ലിം ഭീതി പടര്‍ത്തിയപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അത് ഏറ്റുപിടിക്കുകയും ചെയ്തു.
സീ ന്യൂസ്, എ.ബി.പി ന്യൂസ്, ന്യൂസ് നാഷന്‍, റിപ്പബ്ലിക് ടിവി, ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ മുഴുവന്‍ മുസ്‌ലിംകളെയും ശത്രുക്കള്‍ ആക്കിക്കൊണ്ടുള്ള പ്രചാരണം ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. കൊറോണ ജിഹാദില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക, നിസാമുദ്ദീനിലെ വില്ലന്‍ ആര് തുടങ്ങിയ പേരില്‍ ആണ് ചില മാധ്യമങ്ങള്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
ചൈനയാണ് കൊവിഡിന്റെ ഉല്‍പാദകര്‍ എങ്കില്‍ മുസ്‌ലിംകള്‍ ആണ് അതിന്റെ വിതരണക്കാര്‍ എന്ന അടിക്കുറിപ്പ് ചര്‍ച്ചയ്ക്ക് നല്‍കിയ മാധ്യമങ്ങളും ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ജമ്മു കശ്മിരിലെ വൈഷ്ണവാ ദേവീ ക്ഷേത്രത്തില്‍ 500 ഓളം വിശ്വാസികള്‍ കഴിഞ്ഞപ്പോള്‍ ആ സംഭവത്തെ 'കശ്മിര്‍ ക്ഷേത്രത്തില്‍ 500 വിശ്വാസികള്‍ കുടുങ്ങിക്കിടക്കുന്നു' എന്നു റിപ്പോര്‍ട്ട് ചെയ്ത എ.ബി.പി ചാനല്‍ ഇതേ കാരണത്താല്‍ പുറത്തിറങ്ങാന്‍ കഴിയാതെ മര്‍കസ് പള്ളിക്കുള്ളില്‍ കഴിഞ്ഞ തബ്‌ലീഗുകാരെക്കുറിച്ചു 'നിസാമുദ്ദീന്‍ പള്ളിയില്‍ നൂറുകണക്കിന് മുസ്‌ലിംകള്‍ ഒളിച്ചുകഴിയുന്നു' എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംഘ്പരിവാറിന് കീഴിലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയും മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങള്‍ നടക്കുകയുണ്ടായി. ഒരുവേള വ്യാഴാഴ്ച, മനോരമ ന്യൂസ്, 24 ന്യൂസ് ചാനലുകളില്‍ 'തബ് ലീഗ് കൊറോണ' എന്ന സ്‌ക്രോളോട് കൂടി ചര്‍ച്ച നടന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം വര്‍ഗീയവല്‍ക്കരിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നിലനില്‍ക്കെ ആയിരുന്നു ഇത്. എന്നാല്‍, ജീവനക്കാര്‍ക്ക് പറ്റിയ അബദ്ധം അണിതെന്നു ചൂണ്ടിക്കാട്ടി ഈ രണ്ടു മലയാള ചാനലുകളും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
മര്‍കസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കൊവിഡ് പിടിപ്പെട്ടത് മൂലം ഇന്ത്യയില്‍ ഇസ്‌ലാം ഭീതി പ്രചരിപ്പിക്കുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായ രാജ്യാന്തര മാധ്യമം ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്-786, കൊറോണ ജിഹാദ്, നിസാമുദ്ദീന്‍-വിഡ്ഢികള്‍ തുടങ്ങിയ ഹാഷ് ടാഗുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയ സംഭവങ്ങളും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തബ്‌ലീഗുകാരുടെ പ്രവൃത്തി താലിബാനിസം ആണെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയും റിപ്പോര്‍ട്ടില്‍ ഉണ്ട്.
നിസാമുദ്ദീന്‍ പൊലിസ് സ്‌റ്റേഷനും മര്‍കസും തമ്മില്‍ ഒരു ചുറ്റുമതിലിന്റെ മാത്രം വ്യത്യാസം ആണുള്ളത്. തബ്‌ലീഗുകാരുടെ യോഗത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സാധാരണയാണ്. ഇക്കാരണത്താല്‍ യോഗം അറിഞ്ഞിട്ടും മതിയായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന ആക്ഷേപം ശക്തമാണ്. ഇത് മറച്ചുപിടിക്കാനാണ് വിഷയം വര്‍ഗീയവല്‍ക്കരിക്കുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."