കര്‍ഷക സമരത്തെ പരിഹസിക്കുന്ന കേന്ദ്രസര്‍ക്കാര്‍
നിലനില്‍പിന് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകസമൂഹത്തെ അവഗണിക്കുന്ന നിലപാടായിരുന്നു സമരത്തിന്റെ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും അനുവര്‍ത്തിച്ചുപോന്നത്. അഖിലേന്ത്യാ കിസാന്‍ സഭ കഴിഞ്ഞ മാസം നടത്തിയ ഐതിഹാസിക മാര്‍ച്ച് മുംബൈ നഗരത്തെ സ്തംഭിപ്പിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വാഗ്ദാനപ്പെരുമഴ ചൊരിഞ്ഞ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അഖിലേന്ത്യാ കിസാന്‍ സഭ വീണ്ടും സമരത്തിലേക്കിറങ്ങുകയാണ്, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍. അതിനിടയിലാണ് കിസാന്‍ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാ സംഘത്തിന്റെയും നേതൃത്വത്തില്‍ നൂറിലധികം കര്‍ഷക സംഘടനകള്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്. ഈ മാസം പത്തുവരെ സമരം തുടരുകയും ചെയ്യും.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്കിറങ്ങിയിരിക്കുന്നത്. ഈ സമരത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നു കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്. കോര്‍പറേറ്റുകളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അരോചകമായിരിക്കാം. അതുകൊണ്ടാണ് രാധാമോഹന്‍ സിങിനെപ്പോലുള്ള ബി.ജെ.പി മന്ത്രിമാര്‍ക്ക് രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ അപമാനിക്കാന്‍ നാവുയരുന്നത്.
കര്‍ഷകര്‍ നടത്തുന്ന സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ളതാണെന്നും അനവസരത്തിലേക്കുള്ളതാണെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. മാധ്യമ പരിലാളന യഥേഷ്ടം ലഭിച്ച് വളര്‍ന്നു വലുതായ നേതാവാണ് നരേന്ദ്ര മോദിയെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് മന്ത്രിയുടെ ഈ ആക്ഷേപം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുവാനോ അവരുടെ ആവലാതികളും പ്രശ്‌നങ്ങളും എന്താണെന്ന് മനസ്സിലാക്കുവാനോ മഹാരാഷ്ട്ര സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ ഇതുവരെ തുനിഞ്ഞിട്ടില്ല. യു.പി.എ സര്‍ക്കാര്‍ ഭരിച്ചിരുന്ന വേളയില്‍, അധികാരത്തില്‍ വരികയാണെങ്കില്‍ കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബി.ജെ.പി.
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം കര്‍ഷകര്‍ നാസിക്കല്‍ നിന്നും കാല്‍നടയായി മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ തുടക്കത്തില്‍ അനങ്ങാതിരുന്ന മുഖ്യമന്ത്രി ദേേവന്ദ്ര ഫട്‌നാവിസ് സമരത്തിന് വര്‍ധിച്ചുവരുന്ന ജനപിന്തുണ കണ്ട് മുംബൈയില്‍ എത്തും മുമ്പെ വാഗ്ദാനങ്ങള്‍ നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ മുംബൈ ജനജീവിതം സ്തംഭിപ്പിക്കുമാറ് മാര്‍ച്ച് മഹാ പ്രവാഹമായി മാറിയേനെ. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് അന്ന്തന്നെ അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിര്‍ത്തിവച്ച ആ സമരത്തിന്റെ ബാക്കിയായിട്ട് വേണം കര്‍ഷകരുടെ ഇപ്പോഴത്തെ സമരത്തെ കാണാന്‍. വരാനിരിക്കുന്നത് കര്‍ഷകരുടെ വന്‍ പ്രക്ഷോഭമായിരിക്കുമെന്ന് കിസാന്‍ സഭയുടെ ദേശീയാധ്യക്ഷന്‍ അശോക് ദാവ്‌ലെ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ സമരം മുംബൈ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറികളും പാലും റോഡില്‍ വിതറിയും ഒഴുക്കിയും കര്‍ഷകര്‍ അവരുടെ പ്രതിഷേധം തീര്‍ത്തുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളില്‍ ഇതു കണ്ടില്ലെന്ന് നടിക്കുവാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കാവില്ല.
നഗരങ്ങളിലേക്ക് വന്‍തോതില്‍ പാലും പച്ചക്കറികളും എത്തിക്കുന്ന നാസിക്കില്‍ പ്രക്ഷോഭം ശക്തിപ്പെട്ടതിനാല്‍ വരും ദിവസങ്ങളില്‍ നഗര വാസികള്‍ക്ക് പാലും പച്ചക്കറിയും ലഭ്യമാവുകയില്ല. മഹാരാഷ്ട്രയുടെ മാതൃക പിന്‍പറ്റി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദേശീയപാത ഉപരോധിച്ച് സമരം കത്തിപ്പടരുകയാണ്. രാധാമോഹന്‍ സിങിന്റെ പരിഹാസം സമരത്തെ ശക്തിപ്പെടുത്തുവാന്‍ കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യമാണ് സമരത്തെ ഈ വിധം രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ജൂണ്‍ പത്തിലെ ഭാരത ബന്ദ് ബി.ജെ.പി സര്‍ക്കാരിന്റെ പതനത്തിന്റെ ആരംഭമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."