വൈദ്യുതി വ്യതിയാനം നേരിടാന്‍ സജ്ജം: കെ.എസ്.ഇ.ബി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഇന്ന് രാത്രി ഒന്‍പതിന് ലൈറ്റ് അണയ്ക്കുമ്പോഴും പിന്നീട് ലൈറ്റിടുമ്പോഴും വൈദ്യുതി ആവശ്യകതയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍ നേരിടാന്‍ സജ്ജമെന്ന് കെ.എസ്.ഇ.ബി.
ഒന്‍പത് മണിയോടെ വൈദ്യുതി ആവശ്യകതയില്‍ പെട്ടെന്ന് ഏതാണ്ട് 350-400 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകും. തുടര്‍ന്ന് ഒന്‍പത് മിനിറ്റിനുശേഷം വൈദ്യുതി ആവശ്യകത പെട്ടെന്ന് വര്‍ധിക്കുമെന്നും കണക്കാക്കുന്നു. ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാനാവശ്യമായ നടപടികള്‍ കെ.എസ്.ഇ.ബിയുടെ വിവിധ ജനറേറ്റിങ് സ്റ്റേഷനുകളും കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സ്വീകരിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. രാജ്യമാകെ ലോക്ക് ഡൗണിലായിരിക്കുന്നതിനാലാണ് ലൈറ്റ് അണയ്ക്കുന്നത് പ്രശ്‌നമാകാന്‍ സാധ്യതയുള്ളത്. സാധാരണ സാഹചര്യത്തില്‍ വീടുകളിലെ ലൈറ്റുകള്‍ മുഴുവന്‍ അണച്ചാലും വാണിജ്യാവശ്യത്തിനുളള വൈദ്യുതി ഉപഭോഗം നടക്കുന്നതിനാല്‍ പെട്ടന്ന് കുറവ് വരില്ലായിരുന്നു. ഇപ്പോള്‍ വീടുകളില്‍ മാത്രമാണ് വൈദ്യുതി ഉപയോഗിക്കുന്നത്. അതുകൊണ്ട് പെട്ടെന്നുള്ള ലൈറ്റ് അണയ്ക്കലിനെ നേരിടുകയെന്നത് രാജ്യത്താകെയുള്ള വൈദ്യുതി ശൃംഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
രാജ്യത്താകെ ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്താല്‍ വൈദ്യുതി ഉപഭോഗം കുത്തനെ ഇടിയുകയും നിശ്ചിതരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ജനറേറ്ററുകള്‍ ഓഫാകുന്ന സാഹചര്യവും ഉണ്ടാകും. രാജ്യത്താകെ വൈദ്യുതി വിതരണം ഇപ്പോള്‍ ഒറ്റ ഗ്രിഡ് വഴിയാണ്. അതിനാല്‍ ഓരോ മേഖലയിലെയും പ്രവര്‍ത്തനം കൃത്യമാക്കി നിര്‍ത്തേണ്ടതുണ്ട്. ഏതെങ്കിലും ഒരു മേഖലയില്‍ കൃത്യമായ അളവിലും നിയന്ത്രണത്തിലുമല്ലാതെ വൈദ്യുതി ഉപഭോഗം ഇടിഞ്ഞാല്‍ ഗ്രിഡ് തകരാറിലായി രാജ്യം മുഴുവന്‍ ഇരുട്ടിലാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."