നീറ്റില്‍ വീണ്ടും മലയാളി വിജയഗാഥ; ആലപ്പുഴ സ്വദേശി മഞ്ജുഷക്ക് 77-ാം റാങ്ക്
ആലപ്പുഴ: നീറ്റ് പ്രവേശന പരീക്ഷയില്‍ ദേശീയതലത്തില്‍ പട്ടികജാതി വിഭാഗത്തില്‍ 77-ാം റാങ്ക് മലയാളി വിദ്യാര്‍ത്ഥിനി കെ.പി മഞ്ചുഷയ്ക്ക്. ആലപ്പുഴ ജില്ലാകോടതി വാര്‍ഡില്‍ തെക്കെവെളിക്കല്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്റെയും ചെല്ലമയുടെയും രണ്ടാമത്തെ മകളായ കെ.പി മഞ്ചുഷയാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ജീവതത്തിന്റെ ദുരന്തമുഖത്തുനിന്നാണ് മഞ്ചു പറന്നുയര്‍ന്നത്. അകാലത്തില്‍ പൊലിഞ്ഞ അച്ഛന്‍. മനോനില തെറ്റിയ അമ്മ. കിടക്കാന്‍ നഗരസഭ കനിഞ്ഞു നല്‍കിയ രണ്ട് സെന്റ് ഭൂമിയിലെ പൊളിഞ്ഞു വീഴാറായ കുടില്‍. ജീവതം വലിയ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് വിജയം മഞ്ചുഷയെ തേടിയെത്തിയത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠനം ഉപേക്ഷിക്കാതെ തുടര്‍ന്ന മഞ്ചുവിന്റെ പ്രയത്‌നത്തിന് ഒടുവില്‍ ഫലം കണ്ടു. പഠനത്തിലെ മികവ് കൊണ്ടു മഞ്ചുവിന് ചെന്നിത്തലയിലെ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെ പഠിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് മഞ്ചുവിന്റെ മികവ് മനസിലാക്കിയ തിരുവല്ല ദര്‍ശന അക്കാദമി ഈ കൊച്ചുമിടുക്കിയെ ഏറ്റെടുത്തു. താമസവും ഭക്ഷണവും പഠന സംവിധാനങ്ങളും അക്കാദമി ഒരുക്കി. ഇത് രണ്ടാംതവണയാണ് മഞ്ചുഷ നീറ്റ് പരീക്ഷയെഴുതുന്നത്. ആദ്യപരീക്ഷയില്‍ ഒരുലക്ഷത്തിനും അപ്പുറം റാങ്ക് നില താഴ്ന്നപ്പോള്‍ ജീവിതത്തിലെ ദുരിതങ്ങള്‍ നല്‍കിയ കരുത്ത് പഠനത്തിനായി നീക്കിവെച്ചു. ഇക്കുറി പരീക്ഷയെഴുതുമ്പോള്‍ വലിയ ജയം തന്നെ മഞ്ചുഷ പ്രതീക്ഷിച്ചിരുന്നു. ദിനംപ്രതി 12 മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ച ഈ മിടുക്കി തുടര്‍ന്നും പഠനത്തിനായി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനിച്ചിട്ടുളളത്. എം.ബി.ബി.എസ് പഠനം നടത്താന്‍ വലിയ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും കയറിക്കിടക്കാന്‍ ഒരു അടച്ചുപൂട്ടുളള വീടെന്ന് മഞ്ചുഷയുടെ സ്വപ്നം ബാക്കിനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."