മരം വീണ് മരിച്ച സ്ത്രീ തൊഴിലാളികള്‍ക്ക് കണ്ണീരോടെ വിട
രാജാക്കാട്: മരം വീണ് മരിച്ച മൂന്ന് സ്ത്രീ തൊഴിലാളികള്‍ക്കും കണ്ണീരോടെ വിട. നൂറുകണക്കിന് അളുകളാണ് മൂവരുടേയും വീടുകളിലേയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ എത്തിയത്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നടുക്കം വിട്ടുമാറാതെ തൊഴിലാളികള്‍ അലമുറയിട്ടു.
ഇരുട്ടള നെല്ലിക്കാട് ജോണ്‍സണ്‍ പ്ലാന്റേഷനിലെ തൊഴിലാളികളായ നെല്ലിക്കാട് തങ്കവേലുവിന്റെ ഭാര്യ പാണ്ടണ്ടിയമ്മ തങ്കം,പൊട്ടന്‍കാട് ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ, ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്‌സി എന്നിവരുടെ മൃതദേഹങ്ങളാണ് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ സംസ്‌കരിച്ചത്. വെളളിയഴ്ച ഉച്ചക്ക് ഉണങ്ങി ദ്രവിച്ച് നിന്നിരുന്ന വെടിപ്ലാവ് മരം മറിഞ്ഞ് വീണായിരുന്നു അപകടം.
തൊഴിലാളികളും യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളുമടക്കം ആയിരങ്ങള്‍ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തു. പാണ്ടണ്ടിയമ്മ തങ്കത്തിന്റെ മൃതദേഹം നെല്ലിക്കാട് പൊതു ശ്മശാനത്തിലും മേഴ്‌സിയെ കുഞ്ചിത്തണ്ണി സി.എസ്.ഐ പളളിസെമിത്തേരിയിലും പുഷ്പയെ പൊട്ടന്‍കാട് വീട്ടുവളപ്പിലും സംസ്‌കരിച്ചു.
പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിതത്തില്‍ അന്നത്തെ അത്താഴത്തിന് വക കണ്ടെത്തുവാന്‍ എത്തിയ ഇവരുടെ മരണം ഒരു നാടിന് തന്നെ തീരാവേദനയായി. വാത്സല്യത്തോടെ എന്നും വിളിച്ചുണര്‍ത്തി സ്‌നേഹിച്ചും ശകാരിച്ചും ഒപ്പമുണ്ടായിരുന്ന അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലല്ലോയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മക്കള്‍ പൊട്ടിക്കരയുമ്പോള്‍ വാക്കുകള്‍കൊണ്ട് പോലും ആശ്വസിപ്പിക്കുവാന്‍ കഴിയാതെ കണ്ടുനില്‍ക്കുന്നവരും ഇവര്‍ക്കൊപ്പം വിങ്ങിപ്പൊട്ടി. എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ് , സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എന്നിവര്‍ വീടുകളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."