ബസ് തകരാര്‍ പതിവ്; ദുരിതത്തിലായി നാട്ടുകാര്‍
പൊഴുതന: ജില്ലയിലെ ഏറ്റവും വലിയ പട്ടികവര്‍ഗ പുനരധിവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ഭാഗത്തേക്കുള്ള യാത്ര ദുരിതം ഇരട്ടിക്കുന്നു. സര്‍വിസ് നടത്തുന്ന ഏക കെ.എസ്.ആര്‍.ടി.സി ബസിന് ഇടക്കിടെ തകരാര്‍ സംഭവിക്കുന്നതും റോഡിന്റെ തകര്‍ച്ചയുമാണ് യാത്രക്കാരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നത്. 524 പട്ടികവര്‍ഗ കുടുംബങ്ങളിലായി 1200 ഓളം പേരാണ് സുഗന്ധഗിരിയിലെ വിവിധ മേഖലകളില്‍ കഴിയുന്നത്. കല്‍പ്പറ്റയില്‍ നിന്നും സുഗന്ധഗിരിയിലെ അന്പ വരെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണ് സര്‍വിസുള്ളത്. ഓട്ടോറിക്ഷയും ജീപ്പും മുന്‍പ് സര്‍വിസ് നടത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തലാക്കുകയായിരുന്നു. അതിനാല്‍ തന്നെ കല്‍പ്പറ്റയില്‍ നിന്നും യാത്രക്കാരെ കയറ്റി ബസ് മാവേലി കവല എത്തുമ്പോഴേക്കും നിറഞ്ഞിരിക്കും.
അംമ്പ, ചെന്നായ് കവല, ഒന്നാം യൂനിറ്റ്, മാങ്ങപ്പാടി, പ്ലാന്റേഷന്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പിന്നീട് ബസില്‍ കയറാന്‍ സാധിക്കില്ല. സുഗന്ധഗിരി മാവേലി ജങ്ഷന്‍ മുതല്‍ വൃന്ദാവന്‍ സ്‌കൂള്‍ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. മഴക്കാലവും കൂടി എത്തിയതോടെ കുഴികളില്‍ വീണ് ബസ് അടക്കമുള്ള വാഹനങ്ങളുടെ ടയര്‍ പൊട്ടുന്നതും മറ്റു തകരാറുകള്‍ സംഭവിക്കുന്നതും പതിവാണ്.
റോഡിന്റെ ശോചനിയാവസ്ഥ പരിഹരിച്ച് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യവും വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."