ഓവുചാല്‍ ശുചീകരിക്കുന്നതിനിടെ വിഗ്രഹം കണ്ടെത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് മക്കോലക്ക് സമീപം വട്ടപ്പാറയില്‍ ഓടയില്‍ നിന്നു വിഗ്രഹം കണ്ടെത്തി. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹം കണ്ടെത്തിയത്. മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തൊഴിലാളികള്‍ പുറത്തെടുത്ത് നഗരസഭാ അധികൃതരേയും പൊലിസിനേയും വിവരമറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് ഇതേ സ്ഥലം വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് ഇത് ഓവുചാലില്‍ തള്ളിയതെന്ന് കരുതുന്നു. 6.45 കിലോഗ്രാം തൂക്കമുള്ള വിഗ്രഹം വരാഹമൂര്ത്തിയുടേതാണെന്ന് സംശയിക്കുന്നു. ഒരടി ഉയരമുള്ള വിഗ്രഹത്തിന് നാഗപടവുമുണ്ട്. നാഗപടമുള്ള വരാഹമൂര്‍ത്തി വിഗ്രഹം അപൂര്‍വമാണെന്ന് പറയപ്പെടുന്നു. പഞ്ചലോഹമാണോ ഓട്ടുവിഗ്രഹമാണോയെന്ന് അറിയാന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. തളിപ്പറമ്പ് സ്റ്റേഷന് പരിധിയില്‍ അടുത്തകാലത്തൊന്നും വിഗ്രഹമോഷണം നടന്നതായി പരാതി ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും വിവരം നല്‍കിയതായി പൊലിസ് പറഞ്ഞു. ഇന്നു രാവിലെ വിഗ്രഹം തലശേരി ആര്.ഡി.ഒ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."