സഊദിയില്‍ മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ ഇനി ഇലക്ട്രോണിക് സിസ്റ്റവും
ജിദ്ദ : സഊദിയില്‍ മരുന്നുകളുടെ ഗുണമേന്മയും നിലവാരവും പരിശോധിക്കാന്‍ ഇലക്ട്രോണിക് സിസ്റ്റം നടപ്പിലാക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യം വെച്ച് സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉത്പാദനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ പാര്‍ശ്വഫലങ്ങള്‍ വരെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അറിയാനാകും.
മരുന്നുകളിലെ ബാര്‍കോഡ് സംവിധാനം ഉപയോഗിച്ചാണ് പുതിയ പദ്ധതി. സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതി വഴി പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കും.
ഇതിലൂടെ മരുന്നുകളിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാം. സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് മരുന്നിന്റെ ഉത്പാദന തിയതി, ഗുണമേന്മാ വിവരം, അടങ്ങിയിരിക്കുന്ന വസ്തുക്കള്‍, പാര്‍ശ്വഫലങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ അറിയാനാകും.
മരുന്നിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെങ്കില്‍ അത് അപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇത് ഉദ്പാദകര്‍ക്കും മന്ത്രാലയ അധികൃതര്‍ക്കും തത്സമയം ലഭിക്കും.
വ്യാജ മരുന്നുകളുടെ വ്യാപനം തടയുകയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി മരുന്നുകളുടെ പരസ്യം നല്‍കുന്നുണ്ട് ചില മരുന്ന് കമ്പനികള്‍. അനധികൃതമായുള്ള പരസ്യങ്ങള്‍ക്ക് ഏപ്രില്‍ മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു . ലംഘിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."