കൊവിഡ് നിയന്ത്രണങ്ങൾ നിമിത്തം പ്രയാസത്തിലായ പ്രവാസികൾക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി
റിയാദ്: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ അടക്കമുള്ള നിയന്ത്രണത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസത്തിന്റെ തലോടലായി മാറുകയാണ് റിയാദ് കെ.എം.സി.സി. സംഘടനയുടെ ഘടകങ്ങൾ വഴിയും സാമൂഹ്യ പ്രവർത്തകർ വഴിയുമെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് രഹസ്യമായി തന്നെ ഭക്ഷ്യ വസ്തുക്കളും മരുന്നുകളൂമടക്കമുള്ള അവശ്യ വസ്തുക്കൾ എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വഴി കുടുംബങ്ങളടക്കമുള്ള നൂറുക്കണക്കിന് പ്രവാസികൾക്കാണ് ഇത്തരത്തിൽ സഹായം ലഭ്യമായത്.
നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ നിരവധി പ്രവാസികളാണ് റിയാദിലടക്കം ഗൾഫ് നാടുകളിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. കമ്പനികളിൽ നിന്ന് ശമ്പളം ലഭിക്കാത്തവർ, കടകൾ അടച്ചതോടെ വരുമാനം നിലച്ചവർ, ദൈനം ദിന വരുമാനക്കാർ തുടങ്ങി വിവിധ തലത്തിലുള്ള പ്രവാസികൾക്കാണ് കൊറോണ നിയന്ത്രണം വിനയായി മാറിയിരിക്കുന്നത്. ലേബർ ക്യാമ്പുകളിൽ പലതും സ്ഥിതി മോശമാണ്. ചില കമ്പനികൾ പ്രവർത്തനം ഭാഗികമായോ പൂർണ്ണമായോ നിർത്തിയതിനാൽ കുടുംബവുമൊത്ത് കഴിയുന്നവരടക്കം വളരെ പ്രയാസത്തിലാണ് കഴിഞ്ഞ് പോകുന്നത്. ഇവിടെയാണ് ജതി, മത, രാഷ്ട്രീയ വീക്ഷണങ്ങൾ ക്കതീതമായി പ്രയാസപ്പെടുന്ന എല്ലാവരിലേക്കും തങ്ങളാലാവുന്ന സഹായവുമായി കെ.എം.സി.സി പ്രവർത്തകരെത്തുന്നത്.
അരി, പഞ്ചസാര, എണ്ണ, ഉപ്പ, മുളക്, മല്ലി, പച്ചക്കറികൾ തുടങ്ങി വിവിധയിനം ഭക്ഷ്യ വസ്തുക്കളാണ് രണ്ടാഴ്ച മുതൽ ഒരു മാസം വരെ ഉപയോഗിക്കാവുന്ന കിറ്റിലുൾപ്പെടുത്തിയിരിക്കുന്നത്. റിയാദിലെ പ്രമുഖരായ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളും അതോടൊപ്പം ഉദാരമതികളുമാണ് ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുന്നത്. ഇവരിൽ നിന്നെല്ലാം ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും വിവിധ കേന്ദ്രങ്ങളിലെ ത്തിച്ച് അവിടെ നിന്ന് പ്രത്യേകം പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. രാവിലെ ആറ് മണി മുതൽ തന്നെ ഇതിനായി രംഗത്തിറങ്ങുന്ന പ്രവർത്തകർ ചുമലിലേറ്റിയും വാഹനങ്ങളിലുമായി കിറ്റുകൾ ആവശ്യക്കാരുടെ താമസ സ്ഥലത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. കെ.എം.സി.സി ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ഏരിയാ ഘടകങ്ങളും പ്രവർത്തകരും വഴിയാണ് ഈ സേവനം ചെയ്തു വരുന്നത്. അതോടൊപ്പം നിരവധി പേർക്ക് ഇതിനകം മരുന്നുകളും കമ്മിറ്റിക്ക് എത്തിക്കാനായി.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയുടെ നേതൃത്വത്തിൽ ഭാരവാഹികളും ഉപസമിതി അംഗങ്ങളുമാണ് ഇതിനായി രംഗത്തുള്ളത്. ജലീൽ തിരൂർ, മുജീബ്ഉപ്പട, അബ്ദുറഹിമാൻ ഫറോക്ക്, അഷ്‌റഫ്
അച്ചൂർ. ഹുസൈൻ കുപ്പം കണ്ണൂർ. മെഹബൂബ് ധർമടം. നജീബ് നെല്ലാങ്കണ്ടി, നാസർ മാങ്കാവ്.നൗഷാദ് ചാക്കീരി, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട. അൻസാർ പൂനൂർ. മുത്തു കൊടുവള്ളി. മജീദ് പരപ്പനങ്ങാടി, മാമുക്കോയ ഒറ്റപ്പാലം, സിദീഖ് ഏ യു, ഷഫീക് കൂടാളി, ശാദുലി വയനാട്, കുഞ്ഞോയി കോടമ്പുഴ, അൻവർ കണ്ണൂർ, മുക്താർ തുടങ്ങി വിവിധ ഘടകങ്ങളുടെ ഭാരവാഹികളാണ് വിതരണത്തിന് നേതൃത്വം നൽകി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."