വോട്ടിംഗ് യന്ത്രം സംശയനിഴലില്‍; മധ്യപ്രദേശില്‍ ക്രമക്കേട് നേരിട്ടുകണ്ട് മാധ്യമങ്ങളും
ഭോപ്പാല്‍: ഏതു സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്താലും ബിജെപി സ്ഥാനാര്‍ഥിക്കു രേഖപ്പെടുത്തുന്ന രീതിയില്‍ മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടു കണ്ടെത്തി.
അടുത്തയാഴ്ച നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്‍പായി ചീഫ് ഇലക്ടല്‍ ഓഫിസര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ സംഭവം മൂടിവയ്ക്കാന്‍ ചീഫ് ഇലക്ടല്‍ ഓഫിസര്‍ നടത്തിയ ശ്രമവും വിവാദമായി.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസും എഎപിയും തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി.
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ക്രമക്കേടു നടന്നുവെന്ന പരാതിക്കിടെയാണ് അതു സാധൂകരിക്കുംവിധം പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
വോട്ടു ചെയ്തത് ആര്‍ക്കെന്നു വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം മാധ്യമങ്ങള്‍ക്കു വിശദീകരിക്കുന്നതിനിടെയാണ് സമാജ്‌വാദി സ്ഥാനാര്‍ഥിയുടെ പേരിനു നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ വോട്ട് ബിജെപിക്കു രേഖപ്പെടുത്തുന്ന തരത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടു കണ്ടെത്തിയത്.
സ്ഥാനാര്‍ഥി, ചിഹ്നം എന്നിവ ഉള്‍പ്പെടുന്ന സ്ലിപ്പ് വോട്ടു ചെയ്തു കഴിഞ്ഞാല്‍ ഏഴു സെക്കന്റ് നേരത്തേക്കു കാണാന്‍ കഴിയുന്ന സംവിധാനമാണ് വിവിപാറ്റ്. ഈ സ്ലിപ്പ് വോട്ടര്‍ക്കു വീട്ടിലേക്കു കൊണ്ടുപോകാന്‍ സാധ്യമല്ല.
സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
യുപിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു ബിഎസ്പി അധ്യക്ഷ മായാവതിയാണ് ആദ്യമായി പരാതിപ്പെട്ടത്. പാര്‍ലമെന്റിലും അവര്‍ വിഷയം ഉന്നയിച്ചിരുന്നു.
ഒന്നുകില്‍ ബിജെപിക്കാരുടെ വോട്ടുമാത്രമാണ് മെഷിനില്‍ പതിഞ്ഞത്. അതല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയെന്നു മായാവതി പറഞ്ഞിരുന്നു. ന്യൂനപക്ഷവിഭാഗ പ്രദേശങ്ങളിലെ വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയത് സംശയാസ്പദമാണ്. വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടി എന്നതിന്റെ തെളിവാണ് ഇതെന്നും മായാവതി പറഞ്ഞു.
ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാണിച്ചത് നെറികേടും വഞ്ചനയുമാണ്. ക്രമക്കേടില്‍ തെരഞ്ഞെടുപ്പു കമ്മിഷന് കൊടുത്ത പരാതിയില്‍ നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."