നിപാ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി നിയമസഭ
തിരുവനന്തപുരം: നിപാ പ്രതിരോധത്തില്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ പ്രദേശങ്ങള്‍ നിപാ ഭീതിയിലായ സാഹചര്യത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നല്‍കി.
നിപായെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
നിപാ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് കൂട്ടായ്മയുടെ വിജയമാണെന്ന് ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആദ്യ അനുഭവമാണിത്. നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു.
എന്നാല്‍ കൂടുതല്‍ പേര്‍ വൈറസ് ബാധയെ തുടര്‍ന്നു മരിച്ചപ്പോഴാണ് നിപാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കാനായത്. നിപാ വൈറസ് സ്ഥിരീകരിച്ചതോടെ പെട്ടെന്നു തന്നെ മുന്‍കരുതലുകള്‍ നടത്താനായി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയെന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും സഹകരണം ലഭിച്ചു. നിപാ പനിയെ ഈമാസം അവസാനം വരെ സൂക്ഷിക്കണം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ യോജിച്ച പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി വി.എസ്.എല്‍ 3 ഗ്രേഡിലുള്ള ലാബ് വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. ഇത് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി പറഞ്ഞു.
അതീവ ജാഗ്രതയോടെ നിപായെ പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇതിനു കഠിനപ്രയത്‌നം ആവശ്യമാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച എം.കെ മുനീര്‍ പറഞ്ഞു. സംസ്ഥാനത്ത് സാംക്രമികരോഗ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണം. വൈറോളജി സെന്റര്‍ അത്യാവശ്യമാണ്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ മെഡിക്കല്‍ കോളജുകളില്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിക്കണം. നിപയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ 42 ദിവസങ്ങള്‍ നിര്‍ണായകമാണ്. മഴക്കാലത്ത് സാധാരണ പടര്‍ന്നുപിടിക്കാറുള്ള പനി ഇത്തവണയും ഉണ്ടായേക്കാം. അത്തരം പനി വന്നാലും അത് നിപാ ആണെന്ന് ജനം കരുതും.
ഭീതി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും വസ്തുതകള്‍ വ്യക്തമാക്കി ജനങ്ങളോട് വിഷ്വല്‍ ആയി തന്നെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിപാ പ്രതിരോധത്തിന് ഗൗരവമേറിയ സമീപനം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ. പ്രദീപ് കുമാര്‍, വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, കെ.എം മാണി, അനൂപ് ജേക്കബ്, സി.കെ നാണു, പി.സി ജോര്‍ജ്, കെ. ദാസന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."