HOME
DETAILS
MAL
'ക്ഷേമം' ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രം
backup
April 06 2020 | 03:04 AM
കല്‍പ്പറ്റ: പ്രളയ കാലത്തെന്നപോലെ കൊവിഡ്-19 പ്രതിസന്ധിയിലും തോട്ടം തൊഴിലാളികള്‍ സര്‍ക്കാരിന്റെ പരിഗണനക്ക് പുറത്ത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായപദ്ധതി പ്രഖ്യാപിച്ചെങ്കിലും തോട്ടം തൊഴിലാളികള്‍ക്കായി ഇതുവരെ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ തോട്ടങ്ങളെല്ലാം പൂട്ടിയിരുന്നു. ഇതിനകം 10ലധികം തൊഴില്‍ദിനങ്ങളാണ് തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. ഈ സമയത്തെ വേതനം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
വേതനം നല്‍കുന്നത് സംബന്ധിച്ച് തോട്ടം ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടില്ല.
തോട്ടങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവും സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെ തോട്ടങ്ങള്‍ തുറക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാത്രം തൊഴില്‍ നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവിലുള്ളത്. ഇതോടെ നിരവധി തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.
വയനാട്ടില്‍ 70 ശതമാനം തൊഴിലാളികളെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രതികൂലമായി ബാധിക്കുക. വിവിധ പദ്ധതികളില്‍ സര്‍ക്കാര്‍ അനുവദിച്ചതും വായ്പയെടുത്തും മറ്റും നിര്‍മിച്ചതും വാടക വീടുകളിലുമാണ് തൊഴിലാളികളില്‍ അധികവും കഴിയുന്നത്. ലയങ്ങളുടെ ശോച്യാവസ്ഥ കാരണം താമസിക്കാന്‍ മറ്റിടങ്ങള്‍ തേടുകയായിരുന്നു. അതിനിടെയാണ് തോട്ടം ഉടമകള്‍ക്ക് മാത്രം അനുകൂലമായുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇടുക്കിയിലെ തോട്ടംമേഖലകളെ മാത്രം പരിഗണിച്ചാണ് ഉത്തരവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."