ജീവനാണു കൈയില്‍... സൂക്ഷിക്കണം
കാസര്‍കോട്: ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും സുരക്ഷാസംവിധാനങ്ങളില്ലാതെയുള്ള ജോലി അപകടഭീഷണിയുയര്‍ത്തുന്നു. വലിയ കെട്ടിടങ്ങള്‍ക്കു മുകളിലും മൊബൈല്‍ ടവറുകളിലും യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ വലിഞ്ഞു കയറുന്നതും മണിക്കൂറുകളോളം ജോലി ചെയ്യുന്നതും. ശരീരത്തില്‍ സുരക്ഷാ ബെല്‍ട്ടുകള്‍ പോലും ധരിക്കാതെയാണ് മിക്കവരും ജോലിയിലേര്‍പ്പെടുന്നത്.
മഴ കനത്തതോടെ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലസുകള്‍ക്കു മുകളില്‍ ഷീറ്റിടുക തുടങ്ങിയ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. വലിയ കെട്ടിടങ്ങളുടെ ചുമരുകളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ഊഞ്ഞാലുകളില്‍ ഇരുന്നാണ് മിക്കവരും ജോലി ചെയ്യുന്നത്.
തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെ കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും തൊഴിലിടങ്ങളില്‍ അവ സാധ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രത്യേക വകുപ്പുകള്‍ തന്നെയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടക്കുന്നത്. പരാതികള്‍ ലഭിക്കുമ്പോഴുള്ള പരിശോധനകളല്ലാതെ മറ്റൊരു പരിശോധനയും ലേബര്‍ വിഭാഗം ജില്ലയില്‍ നടത്തുന്നില്ലെന്നതാണ് വസ്തുത.
മഴക്കാലത്ത് കെട്ടിടത്തിനു മുകളിലുണ്ടാകുന്ന വഴുക്കലിനും മറ്റും യാതൊരു പ്രതിരോധവും തീര്‍ക്കാതെയാണ് അറ്റകുറ്റപണിക്കും മറ്റുമായി തൊഴിലാളികള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ വലിഞ്ഞു കയറുന്നത്.
കാറ്റും മഴയും കനത്തതോടെ മൊബൈല്‍ ടവറുകളില്‍ നിരന്തരം അറ്റകുറ്റപണി വേണ്ടി വരുന്നുണ്ട്.
തദ്ദേശീയരായ തൊഴിലാളികള്‍ ഇത്തരം സാഹസിക പ്രവൃത്തികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മറുനാടന്‍ തൊഴിലാളികളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുന്‍പിന്‍ നോക്കാതെ രംഗത്തിറങ്ങുന്നത്.
ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും നല്‍കാതെയാണ് പല തൊഴില്‍ ഏജന്‍സികളും ഇവരെ തൊഴിലിന് നിയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."