വ്രതചൈതന്യം മുറുകെപ്പിടിച്ച് ഈദ് അര്‍ഥപൂര്‍ണമാക്കണം
കാസര്‍കോട്: ഒരു മാസക്കാലം നീണ്ടുനിന്ന വ്രതത്തിലൂടെ സിദ്ധിച്ച ആത്മനിയന്ത്രണവും ഉയര്‍ന്ന ജീവിത സംസ്‌കാരവും പ്രതിഫലിച്ചുകൊണ്ട് ഉത്തമ സമുദായത്തിന്റെ ജീവല്‍ മാതൃകകളായി പെരുന്നാളാഘോഷത്തെയും തുടര്‍ജീവിതത്തെയും പരിപോഷിപ്പിക്കണമെന്ന് സംയുക്ത മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു. മാനവ സമൂഹത്തിനാകെ മാതൃകയായിത്തീരേണ്ട ഉത്തമ ജീവിത സംസ്‌കാരമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്. വ്രതശുദ്ധിയിലൂടെ നേടിയ വ്യക്തി വിശുദ്ധി ഉത്തമ സമൂഹസൃഷ്ടിക്കു നിദാനമാകണം.
ഉത്തമ സമുദായത്തിന്റെ അടയാളപ്പെടുത്തലുകള്‍ പെരുന്നാള്‍ ആഘോഷം മുതല്‍ ദൃശ്യമാകേണ്ടതുണ്ട്. മതനിരപേക്ഷ സാമൂഹിക സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ ചുറ്റുപാടുകളില്‍ സ്‌നേഹം പ്രചരിപ്പിക്കുവാനും സൗഹൃദം ഊട്ടിയുറപ്പിക്കുവാനും മൈത്രി ദൃഢപ്പെടുത്തുവാനും ഉതകുന്ന വിധത്തില്‍ ഈദാഘോഷം ചിട്ടപ്പെടുത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
മതമെന്തന്നറിയാത്ത ഒറ്റപ്പെട്ടവരില്‍ നിന്നുണ്ടാകുന്ന അരുതായ്മകള്‍ മഹിതമാര്‍ന്ന ഒരു സമുദായത്തിന്റെ കൊള്ളരുതായ്മയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ജമാഅത്ത് കമ്മിറ്റികളും സാമൂഹിക സാംസ്‌കാരിക നായകരും ബോധവാന്മാരാകുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന കരിമരുന്നു പ്രയോഗങ്ങള്‍, ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ബൈക്ക് റെയ്‌സ്, ആഭാസങ്ങള്‍ കുത്തിനിറച്ചുള്ള കലാപ്രകടനങ്ങള്‍ തുടങ്ങിയവയില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും സഹോദര സമുദായങ്ങളെക്കൂടി പെരുന്നാള്‍ സദ്യയിലും ആഘോഷങ്ങളിലും ഭാഗവാക്കാക്കി വിപുലമായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."