രോഗികള്‍ക്ക് യാതന തന്നെ; വീല്‍ചെയറുകള്‍ ഉപേക്ഷിച്ച നിലയില്‍
അയ്യായിരത്തിലധികം രൂപ വിലയുള്ള ഈ വീല്‍ ചെയറുകള്‍ ഉപേക്ഷിച്ചതു വഴി അരലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് അധികൃതര്‍ നശിപ്പിക്കുന്നത്
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും അവശ നിലയിലുള്ള മറ്റു രോഗികള്‍ക്കും നല്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച വീല്‍ ചെയറുകള്‍ പഞ്ചായത്ത് ആസ്ഥാനത്തിന് പിറകില്‍ ഉപേക്ഷിച്ച നിലയില്‍. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലാണ് സാമൂഹ്യ സേവനം കൃത്യമായി നടപ്പാക്കേണ്ട അധികൃതരുടെ അനാസ്ഥയ്ക്കു ഉദാഹരണമാകുന്ന കാഴ്ചയുള്ളത്.
നടന്നു പോകാനും മറ്റുമായി മറ്റുള്ളവരെ ആശ്രയിക്കുന്ന രോഗികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പഞ്ചായത്തിന് അനുവദിച്ചു നല്കിയ പത്തോളം വീല്‍ചെയറുകളാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് പിറകില്‍ മതിലിന് സമീപത്ത് തുരുമ്പെടുത്ത് ഉപേക്ഷിച്ച മറ്റു സാധനങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചത്. അയ്യായിരത്തിലധികം രൂപ വിലയുള്ള ഈ വീല്‍ചെയറുകള്‍ ഉപേക്ഷിച്ചത് വഴി അരലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് അധികൃതര്‍ നശിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ ഒട്ടനവധി രോഗികള്‍ പരാശ്രയമില്ലാതെ ഒന്നു നടക്കാന്‍ പോലും സാധിക്കാതെ ദുരിതമനുഭവിക്കുമ്പോഴാണ് ഇവര്‍ക്ക് അല്പമെങ്കിലും താങ്ങാവാന്‍ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടു വാങ്ങിയ വീല്‍ചെയറുകള്‍ പഞ്ചായത്ത് അധികൃതര്‍ പറമ്പില്‍ തള്ളിയതെന്ന ആക്ഷേപമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."