HOME
DETAILS
MAL
അതിരു കടന്നു വിമര്‍ശിക്കല്ലേ, കന്നടവാദം ഉയര്‍ന്നാല്‍ ഞങ്ങളുടെ ബോഡി പോലും അതിര്‍ത്തി കടക്കില്ലെന്ന് കര്‍ണാടകയിലെ മലയാളികള്‍
backup
April 07 2020 | 10:04 AM
കല്‍പ്പറ്റ: ലോക്ക്ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കുള്ള പ്രധാനപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ അതിരുകടക്കുന്ന വിമര്‍ശനങ്ങള്‍ വിനയാകുമെന്ന ഭയത്തില്‍ അവിടുത്തെ മലയാളി സമൂഹം.
നവമാധ്യമങ്ങളിലെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ കന്നട പ്രദേശികവാദികളുടെ ശ്രദ്ധയില്‍പ്പെടുകയും അവരുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുകയും ചെയ്താല്‍ കര്‍ണാടകയില്‍ മലയാളികള്‍ക്ക് സൈ്വര്യജീവിതം നഷ്ടമാകുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. കേരളത്തിലുള്ളവര്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് കര്‍ണാടക നഗരങ്ങളില്‍ ജീവിക്കുന്ന മലയാളികളുടെ അഭ്യര്‍ഥന. ഇത്തരം ആശങ്ക വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ ബംഗളൂരുവിലടക്കം മലയാളി സമൂഹത്തിന്റെ സമൂഹികമാധ്യമ കൂട്ടായ്മകളില്‍ പ്രചരിക്കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കര്‍ണാടകയില്‍ ജീവിക്കുന്ന മലയാളികളുടെ സൈ്വര്യം കെടുത്തരുതെന്നും കാര്യങ്ങള്‍ കൈവിട്ടാല്‍ ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യേണ്ടിവരുമെന്നും സന്ദേശങ്ങളിലൊന്നില്‍ പറയുന്നുണ്ട്.
കര്‍ണാടകയിലെ ചില സംഘടനകള്‍ ഒരു കാരണം കിട്ടാന്‍ നോക്കിയിരിക്കുകയാണെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. ബംഗളൂരുവില്‍ മാത്രം ലക്ഷക്കണക്കിന് മലയാളികളുണ്ട്. മംഗളൂരു, ഉഡുപ്പി, ഷിമോഗ, കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ അനേകം മലയാളി കുടിയേറ്റ കര്‍ഷകരുണ്ട്. കേരളത്തില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കര്‍ണാടകയില്‍ പഠിക്കുന്നത്.
കര്‍ണാടക നഗരങ്ങളിലെ ബേക്കറികള്‍, പ്രൊവിഷന്‍ സ്റ്റോര്‍, റസ്റ്റോറന്റ് എന്നിവയില്‍ നല്ലപങ്കും മലയാളികളുടേതാണ്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകരുത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നല്ല ആശുപത്രികള്‍ സ്ഥാപിക്കാത്തത് കേരളത്തിന്റെ കഴിവുകേടാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രാദേശികവാദം ഉയര്‍ത്തുന്ന കര്‍ണാടകയിലെ സംഘടനകള്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരേ പരസ്യമായി പ്രക്ഷോഭം നടത്തിയിട്ടുണ്ട്. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിനോട് കന്നട ജനതക്ക് എതിര്‍പ്പുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായും രസക്കുറവുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ മലയാളികള്‍ പൊതുവെ സുരക്ഷിതാണ്. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങളിലുടെ കന്നട വിരോധം വിളമ്പരുത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ വിവേകത്തോടെ വിഷയങ്ങളില്‍ ഇടപെടണമെന്നും ബംഗളൂരുവിലെ മലയാളികള്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."