ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം: വാഹനം മാറ്റിയത് വൈകീട്ടോടെ
എടപ്പാള്‍: കൊച്ചിയില്‍നിന്നു കണ്ണൂരിലേക്കു പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി എടപ്പാള്‍ ടൗണില്‍ കുറ്റിപ്പുറം റോഡില്‍ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ടാങ്കര്‍ ലോറി ഡ്രൈവര്‍ കന്യാകുമാരി സ്വദേശി ജയപാല്‍ (40), ക്ലീനര്‍ മോനിഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ലോറിക്കകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെയും ക്ലീനറെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 12.30ന് ആണ് അപകടം. വാതക ചോര്‍ച്ചയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ച് വിടുകയും വൈദ്യുത ബന്ധം വിശ്ചേദിക്കുകയും ചെയ്തു. വാതകച്ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി. പൊലിസെത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാട്ടുകാരും അഗ്നിശമനസേനയും പൊലിസുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ തകര്‍ന്ന ടാങ്കര്‍ ലോറി ഇന്നലെ വൈകീട്ടോടു കൂടി മാത്രമെ മാറ്റാനായുള്ളൂ. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് എടപ്പാളില്‍ അപകടം നടന്നത്. തുടര്‍ന്ന് അധികൃതര്‍ നല്‍കിയ വിരത്തെ തുടര്‍ന്ന് ചേളാരിയില്‍നിന്നും ടാങ്കര്‍ മാറ്റാനുള്ള ക്രെയിന്‍ എത്തിച്ചു. എന്നാല്‍ പാചകവാതകം നിറഞ്ഞ ടാങ്കായതിനാല്‍ ഈ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ മാറ്റാനായില്ല. തുടര്‍ന്ന് എറണാകുളത്ത്‌നിന്ന് പ്രത്യേക ക്രൈയിന്‍ എത്തിച്ചാണ് ലോറി മാറ്റാനുള്ള നടപടി ആരംഭിച്ചത്.
അപകടത്തില്‍ തകര്‍ന്ന ലോറിയില്‍നിന്നു പാചകവാതകം നിറഞ്ഞ ക്യാപ്‌സൂള്‍ വേര്‍പ്പെടുത്തി മറ്റൊരു ലോറിയില്‍ ഘടിപ്പിച്ചാണ് മാറ്റിയത്. ഇതിയായി പ്രത്യേകം ലോറിയും എത്തിച്ചിരുന്നു. വൈകീട്ടോടെയാണ് ടാങ്കര്‍ മാറ്റിയത്. ഈ സമയമത്രയും റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. പൊലിസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് വാഹനഗതാഗതം നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."