ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ട ഇന്ത്യയും ലോകവും
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ ട്രോള്‍ ചെയ്ത് ആഘോഷിക്കുന്നതു കണ്ടു. പാത്രം കൊട്ടിയതുകൊണ്ട് കൊറോണ വൈറസ് എങ്ങോട്ടാ പോയതെന്ന് ഒരാള്‍ മോദിയോട് ചോദിക്കുന്നു. പോയത് നോക്കാനാ ടോര്‍ച്ചടിക്കാന്‍ പറഞ്ഞതെന്ന് മോദിജിയുടെ മറുപടി. ഈ ഫലിതത്തിനും പരിഹാസത്തിനുമപ്പുറം ആ വിമര്‍ശനത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകളുണ്ട്. ലോകം നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് മഹാമാരി. അതില്‍നിന്ന് അകലം പാലിക്കുന്നത് പ്രാഥമിക സുരക്ഷാ നടപടിയാണ്. ശാസ്ത്രീയമായ ആരോഗ്യ പ്രതിരോധ ചികിത്സാ നടപടികള്‍ ഒപ്പം വേണം നാടിനെ രക്ഷിക്കാന്‍. അതിനുവേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ മുഖേനയും ചെലവിടുകകൂടി വേണം. അടച്ചുപൂട്ടലില്‍ മനുഷ്യരുടെ ജീവിതം നിലനിര്‍ത്താനുള്ള സാമ്പത്തികസഹായവും അടിയന്തരമായി നല്‍കണം. പാത്രംകൊട്ടി പ്രകടനം നടത്തി ആളെ കൂട്ടിയതുകൊണ്ടോ പൂജയും ഹോമവും നടത്തിയതുകൊണ്ടോ ഓടിമറയുന്നതല്ല കൊറോണ വൈറസ്. കമ്മ്യൂണിസ്റ്റ് നേതാവായ നമ്മുടെ മുഖ്യമന്ത്രിപോലും പ്രധാനമന്ത്രിയോട് അത് തുറന്നുപറയാന്‍ തയാറാകാത്തത് ഖേദകരമായി.
ഈ മഹാമാരിയെ ഒരു ഭരണാധികാരിയും ആത്മവിശ്വാസത്തോടെയോ ലാഘവത്തോടെയോ സമീപിച്ചുകൂടാ. അതിജാഗ്രതയോടും ശാസ്ത്രീയമായ അതിസൂക്ഷ്മതയോടും അല്ലാതെ. ഡൊണാള്‍ഡ് ട്രംപ് ആയാലും നരേന്ദ്രമോദി ആയാലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായാലും. ചെറിയൊരു വീഴ്ച പറ്റിയാല്‍ അതിന്റെ പ്രത്യാഘാതം കൊവിഡ്-19ന്റെ ആക്രമണത്തില്‍ സ്തംഭിച്ചുനില്‍ക്കുന്ന ആഗോള കമ്പോള വ്യവസ്ഥയ്ക്കും സാമൂഹിക സാംസ്‌കാരിക ജീവിതത്തിനും മാരക പരുക്കേല്‍പിക്കുന്നതാകും.
പ്രസിഡന്റ് ട്രംപിന്റെ കാര്യം തന്നെയെടുക്കാം. ലോകത്തിലെ ഏറ്റവും വികസിത രാജ്യത്തിന്റെ ഭരണാധികാരി എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഉച്ചക്കിറുക്കെല്ലാം പ്രകൃതി സഹിച്ചുകൊള്ളണമെന്നില്ല. അദ്ദേഹം തന്നെ ഇപ്പോഴത് തിരിച്ചറിഞ്ഞു. ആദ്യം അവഗണിച്ചു. ലോകാരോഗ്യ സംഘടനയുടെയും ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെയും കൊവിഡ്-19 സംബന്ധിച്ച് സംയുക്ത കമ്മിഷന്റെ റിപ്പോര്‍ട്ട് പോലും ട്രംപ് മുഖവിലയ്‌ക്കെടുത്തില്ല. ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേര്‍ന്നിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ തിരിച്ചടി ഏകപക്ഷീയമായ ഒരു മൂന്നാംലോക യുദ്ധം നേരിടുംപോലെ അനുഭവിക്കുകയാണ്. കൊറോണ മഹാമാരിക്കെതിരേ മുഖാവരണം അമേരിക്കക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ട്രംപിന് മുഖാവരണങ്ങളും പരിശോധനാ കിറ്റും എത്തിക്കാന്‍ ചൈനയോട് അഭ്യര്‍ഥിക്കേണ്ടിവന്നു, അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് വീട്ടിനകത്ത് കഴിയാന്‍ നിര്‍ബന്ധിതമായപ്പോള്‍.
യു.എസ് ആശുപത്രികളില്‍ കൊവിഡ്-19 രോഗികള്‍ നിറഞ്ഞു കവിയുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കൂമ്പാരമായതോടെ ട്രംപിനും കാലിടറി. ചൈനയിലേക്ക് കൈനീട്ടിയതിനു പിറകെ യു.എസ് പ്രസിഡന്റ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയേയും വിളിച്ചു. മലമ്പനിക്കെതിരേ ഇന്ത്യ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് മനസിലാക്കി സഹായിക്കാന്‍.
കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ അയല്‍ക്കാരായ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന രണ്ടോ മൂന്നോ തവണ പറഞ്ഞിരുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റ് അന്നു പ്രതികരിച്ചില്ല. ഇപ്പോള്‍ കൊറോണയ്‌ക്കെതിരായ പരിശോധനാ കിറ്റുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയും തയാറായിരിക്കുന്നു.
മഹാമാരി സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക മരവിപ്പിനെ നേരിടാന്‍ വികസിത രാജ്യങ്ങളെല്ലാം സാമ്പത്തിക ഉത്തേജക സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി ഫലപ്രദമായ സാമ്പത്തിക പാക്കേജിന് ഇനിയും തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ചരിത്രത്തിലെ തന്നെ അസാധാരണ ഭവിഷ്യത്തുകളെപ്പറ്റി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും ലോകാരോഗ്യ സംഘടനപോലും മുന്നറിയിപ്പ് നല്‍കിയിട്ടും ലഘു സാമ്പത്തിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. കൂടാതെ ജനതാ കര്‍ഫ്യൂവും അടച്ചുപൂട്ടലും വിളക്കുകൊളുത്തി പ്രകാശം പരത്താനുള്ള ആഹ്വാനവും.
ചൈനയുടെ ഹുബൈ പ്രവിശ്യയിലുള്ള വുഹാന്‍ നഗരത്തിലെ ഒരു ആശുപത്രിയിലാണ് ഡിസംബര്‍ 30ന് നടന്ന വൈദ്യപരിശോധനയില്‍ കൊവിഡ്-19 എന്ന പുതിയ വൈറസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ശ്രദ്ധയിലെത്തി. ചൈനീസ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അടിയന്തര ചര്‍ച്ച നടത്തി. മഹാമാരിക്കെതിരേ യുദ്ധകാല നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രവിശ്യയുടെ ഭരണപാര്‍ട്ടി നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി. പ്രധാനമന്ത്രി ലീ കെക്വിയാങ്ങിനെ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനും ജനങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനും ഹുബൈ പ്രവിശ്യയിലേക്ക് നിയോഗിച്ചു.
ജനുവരി ഏഴിനു തന്നെ പാര്‍ട്ടി നേതാക്കളുടെ ഉള്‍പ്പാര്‍ട്ടിയോഗം വിളിച്ച് കൊവിഡ് 19ന്റെ വെല്ലുവിളി രാജ്യം ഒന്നിച്ചുനിന്ന് നേരിടേണ്ടതുണ്ടെന്ന് ലീ കെക്വിയാങ് പറഞ്ഞു. 2020 ഓടെ ചൈനയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തിന് തിരിച്ചടി നല്‍കുന്നതാണ് പുതിയ വൈറസ് ആക്രമണമെന്ന് ലീ യോഗത്തില്‍ അറിയിച്ചു. ആഗോള വിതരണ ശൃംഖലയേയും വിപണിയെയും ഇത് ബാധിച്ചു കഴിഞ്ഞു. ആഗോള കമ്പനികള്‍ വിതരണ ശൃംഖല ചൈനയ്ക്ക് പുറത്തേക്ക് പ്രഹരമേറ്റു. അത് താല്‍കാലികമാണെന്നും പ്രതിസന്ധി കൈപ്പിടിയിലൊതുക്കി വിജയിക്കുമെന്നും ചൈനീസ് പ്രസിഡന്റ് അന്നുതന്നെ ഉറപ്പ് നല്‍കി. ഗൊര്‍ബച്ചേവ് ചെര്‍ണോബില്‍ ആണവ ദുരന്തം നേരിട്ടതുപോലെ ചൈനീസ് പ്രസിഡന്റ് കുഴപ്പത്തില്‍ പെട്ടിരിക്കയാണെന്നും കൊവിഡ്-19ന്റെ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്നും അമേരിക്കന്‍ മാധ്യമങ്ങളും പ്രചാരവേല ശക്തിപ്പെടുത്തിയപ്പോഴാണ് ഫെബ്രുവരി 14-ന് ഔദ്യോഗികമായി ഷി ജിന്‍പിങ്ങിന്റെ ഉള്‍പ്പാര്‍ട്ടി പ്രസംഗം ചൈന പരസ്യപ്പെടുത്തിയത്. പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി താത്വിക പ്രസിദ്ധീകരണമായ ക്വിഷിയില്‍ (സത്യാന്വേഷണം) നേരത്തെ പ്രസിദ്ധീകരിച്ചിരുന്നതാണ്.
ഇതിനു പിറകെയാണ് ലോകാരോഗ്യ സംഘടന ആഗോള വിദഗ്ധരുടെ പഠന സംഘവുമായി ചൈനയിലേക്ക് പോയത്. കൊവിഡി-19 ന്റെ പഠനം അതു തടയുന്നതിനു ചൈന സ്വീകരിച്ച പ്രായോഗിക പദ്ധതികള്‍ എന്നിവ നേരില്‍ പരിശോധിക്കുക, കൊറോണ പടരുന്ന രാഷ്ട്രങ്ങള്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുക- ഈ ലക്ഷ്യത്തോടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുതിര്‍ന്ന ഉപദേശകനായ ഡോ. ബ്രൂസ് ഓള്‍വാഡ് ചൈനയുടെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വാനിയന്‍ ലിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 അന്താരാഷ്ട്ര വിദഗ്ധരാണ് സംയുക്ത കമ്മിഷനില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 16 മുതല്‍ 24 വരെ വുഹാനില്‍ ആശുപത്രികളിലും ജനങ്ങള്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്തു. ഫെബ്രുവരി 28 ന് തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
അതില്‍ ഊന്നിപ്പറഞ്ഞത് തികച്ചും ശാസ്ത്രീയമായും അപകട സാധ്യത വകവയ്ക്കാതെയും ചൈനയെടുത്ത യുദ്ധകാല സമീപനമാണ് മഹാമാരി നിയന്ത്രിക്കാന്‍ കാരണമെന്നാണ്. അഗാധമായ പ്രതിബദ്ധതയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടാണ് ഇത് സാധിച്ചത്. തങ്ങളുടെ പ്രവിശ്യകളില്‍ മഹാമാരിയുടെ ആക്രമണം തുടങ്ങിയിട്ടും ആയിരക്കണക്കിന് പൊതുജനാരോഗ്യ പ്രവര്‍ത്തകരാണ് വുഹാന്‍ നഗരത്തിലേക്ക് പോയത്. ടണ്‍ കണക്കില്‍ ആരോഗ്യ പ്രതിരോധ സാമഗ്രികളും എത്തിച്ചു. വുഹാനിലെ 15 നഗരങ്ങള്‍ ചൈന ക്വാറന്റൈനിനു കീഴിലാക്കിയിരുന്നു. ഊഷ്മാവ് പരിശോധന, മുഖാവരണം നിര്‍ബന്ധമായും അണിയല്‍, സാമൂഹിക അകലം പാലിക്കല്‍, ക്വാറന്റൈന്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ ചൈന ആവിഷ്‌കരിച്ചു. ഇവ മഹാമാരി കടന്നെത്തിയ രാജ്യങ്ങള്‍ അടിയന്തരമായി പാലിക്കണം. വെന്റിലേറ്റര്‍, ഐ.സി.യു തുടങ്ങിയ ചികിത്സാ സാമഗ്രികള്‍ക്ക് പുറമെ മുഖാവരണവും സാനിറ്റൈസറും സംഭരിക്കണം.
ഡബ്ല്യു.എച്ച്.ഒ നല്‍കിയ മുന്നറിയിപ്പ് അമേരിക്കയും ഇന്ത്യയുമടക്കം ആദ്യഘട്ടത്തില്‍ ചെവിക്കൊണ്ടില്ല. ലോകപ്രശസ്ത കണ്‍സട്ടിങ് സര്‍വിസ് സ്ഥാപനമായ കെ.പി.എം.പി കൊവിഡ്-19ന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അസാധാരണമായ ഒരു റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടു. അതില്‍ ഇന്ത്യയെക്കുറിച്ചുള്ള ഭാഗങ്ങള്‍ പ്രധാനമന്ത്രി മോദി കണ്ടിരിക്കും. കൊവിഡിന്റെ വരവ് ആവശ്യത്തെയും വിതരണത്തെയും പണമൊഴുക്കിനെയും ആഗോള വ്യാപകമായി ആഘാതമേല്‍പിച്ചിരിക്കുന്നു. ഇന്ത്യയിലെ നഗരമേഖലകളിലെ സ്ഥിരം ശമ്പളക്കാരായ 37 ശതമാനം പേര്‍ക്കും അടച്ചുപൂട്ടലിനെ തുടര്‍ന്ന് തീര്‍ത്തും വരുമാനമില്ല. രാജ്യത്തെ ഏറ്റവും വലിയ വ്യവസായമായ ടൂറിസം, ട്രാവല്‍, വ്യോമഗതാഗത മേഖലയില്‍ അഞ്ച് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഈ മേഖലകളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്.
രാജ്യം മുമ്പ് നേരിട്ട മാന്ദ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ പ്രതിസന്ധി. ലോക സമ്പദ്‌വ്യവസ്ഥയെ ആഞ്ഞുപിടിച്ചു കുലുക്കുകയാണ് ഈ മഹാമാരി. കുടിയേറ്റ തൊഴിലാളികളില്‍ 50 ശതമാനത്തിലേറെയും തൊഴിലില്ലാത്തവരായി. ജി.ഡി.പിയുടെ തകര്‍ച്ച, സ്വകാര്യ ഉപഭോഗം, നിക്ഷേപം, വിദേശ വ്യാപാരം എന്നിവയെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. വേതന പിന്തുണ, നികുതികള്‍ക്ക് അവധി, ഉത്തേജക പാക്കേജുകള്‍ എന്നിവ അടിയന്തരമായി നടപ്പാക്കണം. ഏഴ് മേഖലകളാക്കി തിരിച്ച് ഇതിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അളന്നുകുറിച്ച്, അറിവുറ്റ പ്രായോഗിക നടപടികളാണ് രാഷ്ട്രീയ ബിസിനസ് മേധാവികളില്‍നിന്ന് രാജ്യം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും വിശ്വസ്തര്‍കൂടിയാണ് മുതലാളിത്ത വികസനത്തിന്റെ ഉപദേഷ്ടാക്കളായ കെ.പി.എം.ജി. ഈ പംക്തി വായക്കാരുടെ കൈയിലെത്തുമ്പോള്‍ മഹാമാരിയെ പരാജയപ്പെടുത്തി ചൈനയിലെ വുഹാന്‍ നഗരം വീണ്ടും തുറന്ന് പുതിയ ജീവിത തുടിപ്പുകള്‍ ആരംഭിച്ചിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."