മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനുള്ളില്‍
വിഴിഞ്ഞം: അടിമലത്തുറയില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്ന് സംശയം ഉള്ളതായും നാട്ടുകാര്‍. അടിമലത്തുറ പുറം പോക്കുപുരയിടത്തില്‍ വിനിത ഹൗസില്‍ പരേതനായ വിന്‍സന്റിന്റെയും നിര്‍മ്മലയുടെയും മകന്‍ വിനു (25)നെ തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനുള്ളില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇടക്കാലത്ത് മാനസിക വിഭ്രാന്തി കാട്ടിയ മകനുമായി പിണങ്ങിയ മാതാവ് നിര്‍മ്മല അടുത്ത കാലത്തായി മകള്‍ വിനിതയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിനുശേഷം വിനു തനിച്ചായിരുന്നു കുടുംബ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെ വീട്ടില്‍ നിന്നും ബഹളവും നിലവിളിയും കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു.
ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നിലവിളികള്‍ പതിവായതുകൊണ്ട് നാട്ടുകാര്‍ ഇത് കാര്യമായെടുത്തില്ല. ഞായറാഴ്ചയും വിനുവിനെ 'പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ തിങ്കളാഴ്ച വൈകിട്ട് കതക് തുറന്ന് നടത്തിയ പരിശോധനയിലാണ് തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ എത്തിയ പൊലിസും ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും വീടും പരിസരവും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.
ഇന്നലെ രാവിലെയോടെ വിഴിഞ്ഞം സി.ഐ ഷിബുവിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തായിരുന്ന വിനു ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ എത്തിയത്. അതിന് ശേഷം മാനസിക വിഭ്രാന്തിയില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന വിനുവിന് നാട്ടുകാരും ബന്ധുക്കളും വല്ലപ്പോഴും മാത്രമാണ് ഭക്ഷണം എത്തിച്ചിരുന്നത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം സംസ്‌കരിച്ചു. രണ്ട് വര്‍ഷം മുന്‍പ് പിതാവ് വിന്‍സെന്റ് ആത്മഹത്യ ചെയ്തിരുന്നു. അന്നും അന്വേഷണംമൊന്നും നടന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."