മഴയില്‍ മരം വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു
കല്ലമ്പലം: ശക്തമായ മഴയില്‍ മരം റോഡിനു കുറുകെ വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. നാവായിക്കുളം പുതുശ്ശേരിമുക്ക് മൂതക്കപൊതി റോഡിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ റബര്‍ മരവും തെങ്ങും റോഡിനു കുറുകെ വീണത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി. നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു മാറ്റി വൈകുന്നേരത്തോടെ വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിച്ചു.
നിരവധി മരങ്ങളാണ് പ്രദേശത്ത് അപകടാവസ്ഥയിലുള്ളത്. കൈയ്പ്പടക്കോണം ട്രാന്‍സ്ഫോമറിനു സമീപം ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലുള്ള തെങ്ങ് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലവാസിയായ നിസാര്‍ രേഖാമൂലം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് ലൈന്‍ പൊട്ടുന്നത് നിത്യ സംഭവമാണ്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.
വൈദ്യുതി ഓഫാകുന്നതുവരെ റോഡിലൂടെ രാവിലെ കടന്നുപോകുന്ന പത്ര, പാല്, മത്സ്യ വിതരണക്കാരെ വിവരം ധരിപ്പിച്ച് റൂട്ട് മാറ്റി വിടുന്നത് ഇവരാണ്. പ്രദേശത്ത് അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനിനു മുകളിലൂടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."