അപകടാവസ്ഥയിലുള്ള വൈദ്യുതിക്കാലുകള്‍ മാറ്റാതെ കെ.എസ്.ഇ.ബി
പള്ളിക്കല്‍: മഴക്കാലമായെങ്കിലും അപകടാവസ്ഥയിലുള്ള വൈദ്യുതിക്കാലുകള്‍ മാറ്റി സ്ഥാപിക്കാതെ കെ.എസ്.ഇ.ബി അധികൃതര്‍. മഴക്കാല സുരക്ഷയുടെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയിലെ കാലപ്പഴക്കം ചെന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ വൈദ്യുതിക്കാലുകളും തെരുവു വിളക്കുകളും മാറ്റി സ്ഥാപിക്കണമെന്നു കഴിഞ്ഞ 25 നു വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ദുരന്ത നിവാരണ സമിതി യോഗത്തില്‍ തീരുമാനമെടുക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്കു വില്ലേജ് ഓഫീസര്‍ നേരിട്ട് നിര്‍ദേശം നല്‍കുകയും ചെയ്തതാണ്.
പള്ളിക്കല്‍ ടൗണില്‍ വാഹനം തട്ടി കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു കമ്പിയുടെ മാത്രം ബലത്തിലും പരുത്തിക്കോട് റോഡില്‍ അടിഭാഗം കോണ്‍ക്രീറ്റ് അടര്‍ന്നു കമ്പി ദ്രവിച്ച നിലയില്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അപകടാവസ്ഥയിലുമായി രണ്ടു വൈദ്യുതി കാലുകളുണ്ട്. ഇക്കാര്യം കെ.എസ്.ഇ.ബി അധികാരികള്‍ പങ്കെടുത്ത യോഗത്തില്‍ അറിയിച്ചിട്ടും വേണ്ട നടപടികള്‍ കൈകൊള്ളാന്‍ കെ.എസ്.ഇ.ബി തയ്യാറായില്ല.
ആഴ്ചകളോളമായി പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട്. നേരത്തെ തെരുവ് വിളക്കുകള്‍ മാറ്റുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും പ്രാദേശിക തലത്തില്‍ ജീവനക്കാരെ വിളിച്ച് പഞ്ചായത്ത് നേരിട്ട് പ്രവര്‍ത്തി ചെയ്യുക്കുകയായിരുന്നു പതിവ്. അതു കൊണ്ടു തന്നെ പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരിന്റ നിലവിലെ ഉത്തരവ് പ്രകാരം ആ രീതിയില്‍ ചെയ്യാന്‍ സാധിക്കില്ലായെന്നും പ്രവൃത്തി നടത്താന്‍ കാല താമസം വരുമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. നിലവിലെ ഉത്തരവ് പ്രകാരം ബള്‍ബുകള്‍ മാറ്റുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും കെ.എസ്.ഇ.ബി ജീവനക്കാരെ വിളിച്ചു പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്കുള്ള പണം ബാങ്കിലടച്ച് ഡി.ഡി തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ക്രൂസ് എന്ന സ്ഥാപനത്തിലേക്ക് അയക്കണം. ആവശ്യമായ സാധനങ്ങള്‍ തിരുവനന്തപ്പുരത്തു നിന്നും എത്തിയ ശേഷമേ പ്രവര്‍ത്തി നടത്താന്‍ കഴിയൂ എന്നാണു പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. ഈ നില തുടര്‍ന്നാല്‍ ഒരു ബള്‍ബ് മാറ്റണമെങ്കില്‍ പോലും മാസങ്ങളെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."