കേരളത്തില്‍ നിന്നുള്ള രോഗികളെ കര്‍ശന നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി
മഞ്ചേശ്വരം (കാസര്‍കോട്): കേരളത്തില്‍ നിന്നുള്ള അത്യാസന്ന നിലയിലുള്ള രോഗികളെ തലപ്പാടി അതിര്‍ത്തി വഴി കടത്തിവിട്ടു തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് ആംബുലന്‍സുകളെ കടത്തിവിട്ടത്.
ഇതോടെ രോഗികള്‍ക്ക് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാനുള്ള കടുത്ത നിയന്ത്രണം നീങ്ങി. ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ മൂന്ന് ആംബുലന്‍സുകളെയാണ് കടത്തിവിട്ടത്. കേരള - കര്‍ണാടക മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷമാണ് കടത്തിവിടുന്നത്.
രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് മംഗളൂരുവിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മെഡിക്കല്‍ സംഘത്തിന് ബോധ്യപ്പെട്ടാല്‍ മാത്രമേ കടത്തിവിടൂ.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 108 ആംബുലന്‍സില്‍ പുറപ്പെടുന്ന രോഗിയുടെ കൂടെ ഒരാളെ മാത്രമാണ് അനുവദിക്കുന്നത്. ഇന്നലെ രാവിലെയാണ് കേരളവും കര്‍ണാടകയും ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയത്. കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക അടച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്. നാല് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്നതാണ് കേരള സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."