HOME
DETAILS
MAL
ലോക്ക് ഡൗണിലും സര്‍ക്കാരിന്റെ തണല്‍ രണ്ടു വയസുകാരന്‍ മുഹമ്മദ് നഹ്യാന്‍ ചികിത്സ തേടി ചെന്നൈയിലേക്ക്
backup
April 09 2020 | 03:04 AM
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ ലോക്ക് ഡൗണിനിടയിലും മുഹമ്മദ് നഹ്യാന്‍ ചികിത്സതേടി ചെന്നൈയിലേക്ക് യാത്രയായി. കണ്ണിനെ ബാധിക്കുന്ന അപൂര്‍വരോഗമായ 'റെറ്റിനോ ബ്‌ളാസ്‌റ്റോമ' എന്ന ക്യാന്‍സര്‍ മൂലം ഒന്നരവര്‍ഷമായി വിഷമിക്കുന്ന മതിലകം സ്വദേശിയായ രണ്ട് വയസുകാരനുമായാണ് അടിയന്തര ചികിത്സയ്ക്കായി കുടുംബം ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ചികിത്സയ്ക്ക് പോകാനാകാതെ ബുദ്ധിമുട്ടിയ നഹ്യാന്റെ യാത്രയ്ക്ക് തുണയായത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും അടിയന്തര ഇടപെടല്‍. ജില്ലാ ഭരണകൂടം ഒരുക്കിയ ആധുനിക സൗകര്യങ്ങളുള്ള 108 ആംബുലന്‍സിലാണ് ഇന്നലെ രാവിലെ 9 മണിയോടെ മാതാവിനൊപ്പം നഹ്യാന്‍ യാത്ര തിരിച്ചത്.
മതിലകം കൂളിമുട്ടം സ്വദേശിയായ കണ്ണംകില്ലത്ത് ഫാസിലിന്റെയും ആബിദയുടെയും മകനായ മുഹമ്മദ് നഹ്യാന് ജനിച്ച് നാല് മാസം പ്രായമായപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അപൂര്‍വ രോഗമായതിനാല്‍ കേരളത്തില്‍ ഇതിന് ചികിത്സയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലെ ശങ്കര നേത്രാലയത്തില്‍ ചികിത്സ ഉണ്ടെന്നറിഞ്ഞത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടുത്തെ ചികിത്സയിലാണ് നഹ്യാന്‍. തുടര്‍ച്ചയായി അഞ്ച് മാസമായി ക്രയോ തെറാപ്പി ചികിത്സയും ചെയ്യുന്നുണ്ട്. ഓരോ 21 ദിവസം കൂടുമ്പോഴും ഈ ചികിത്സ ചെയ്യണം. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇടവേളകളും കൂടും. ഇക്കഴിഞ്ഞ മാര്‍ച്ച് 25നു ചികിത്സ നല്‍കേണ്ട ദിവസമായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 24ന് വാളയാര്‍ വരെ എത്തിയെങ്കിലും അതിര്‍ത്തി കടത്തി വിടാന്‍ പൊലിസ് തയാറായിരുന്നില്ല. പിന്നീട് കേന്ദ്ര സര്‍ക്കാരും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ഥിച്ച് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയെ സമീപിക്കുന്നത്. എം.എല്‍.എ ഉടന്‍തന്നെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എത്രയും വേഗം കുട്ടിക്ക് ചികിത്സ ലഭ്യമാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അടിയന്തരമായി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ചികിത്സയ്ക്കായി മാതാവ് ആബിദ, ഇവരുടെ മാതാവ് ഐഷാബി എന്നിവരോടൊപ്പം ഇന്നലെ രാവിലെ നഹ്യാന്‍ യാത്ര തിരിച്ചു. അര മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ക്രയോ തെറാപ്പി ചെയ്ത് വ്യാഴാഴ്ചയോടെ ഇവര്‍ മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."