സീറോ വേസ്റ്റ് കോഴിക്കോട് : പദ്ധതി നടപ്പാക്കാന്‍ ശക്തമായ നടപടികളുമായി കലക്ടര്‍
കോഴിക്കോട്: പകര്‍ച്ചവ്യാധികളെ നേരിടാനും പരിസര ശുചിത്വം കാത്തുസൂക്ഷിക്കാനും ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശക്തമായ നടപടികള്‍ വരുന്നു. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. നഗരത്തില്‍ ഇന്നലെയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.
ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. ആവശ്യമെങ്കില്‍ തുമ്പൂര്‍മുഴി പോലെയുള്ള പൊതുസംവിധാനങ്ങള്‍ സ്ഥാപിക്കും. അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ സേന വഴി എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാസംതോറും ശേഖരിച്ച് എം.സി.എഫില്‍ എത്തിക്കും. അവിടെനിന്ന് ബ്ലോക്കുതല എം.ആര്‍.എഫ് കേന്ദ്രങ്ങളിലേക്കു സംസ്‌കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അയക്കും. ഈ രീതിയില്‍ ചിട്ടയായി വിഭാവനം ചെയ്ത പദ്ധതിയില്‍ ഹരിതകര്‍മസേന രൂപീകരണം, എം.സി.എഫ് നിര്‍മാണ സംവിധാനം, ശേഖരണ സംവിധാനം എന്നിവ പഞ്ചായത്തിന്റെ ചുമതലയും എം.ആര്‍.എഫ് നിര്‍മാണം ഓരോ ബ്ലോക്കിന്റെയും ചുമതലയാണ്. നഗരസഭകളില്‍ എം.ആര്‍.എഫിന്റെയും എം.സി.എഫിന്റെയും ചുമതല നഗരസഭകള്‍ക്ക് തന്നെയായിരിക്കും.
എം.സി.എഫ് എം.ആര്‍.എഫ് നിര്‍മാണത്തിനായി സ്ഥലം ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം വഴി സ്ഥലം അനുവദിച്ചു. 70 ഗ്രാമ പഞ്ചായത്തില്‍ 63 ഗ്രാമ പഞ്ചായത്തുകളും എം.സി.എഫിനു പദ്ധതി തയാറാക്കി. 12 ബ്ലോക്കുകളും എം.ആര്‍.എഫിനായി പദ്ധതി വച്ചിട്ടുണ്ട്. നിലവില്‍ 12 എം.ആര്‍.ഫുകളില്‍ വടകര ബ്ലോക്കിന്റെ എം.ആര്‍.എഫ് നിര്‍മാണം പൂര്‍ത്തിയായി. മറ്റു രണ്ട് ബ്ലോക്കുകളുടെ പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്. മൂന്നു ബ്ലോക്കുകളില്‍ നടപടികള്‍ നടന്നുവരികയാണ്. മറ്റ് ആറു ബ്ലോക്കുകളിലും ജനങ്ങളുടെ പ്രതിഷേധംമൂലം നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചകള്‍ നടത്തില്ലെന്നും പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളില്‍ അനിവാര്യ ചുമതലയായ ശാസ്ത്രീയ മാലിന്യസംസ്‌കരണം ചില സ്ഥലങ്ങളില്‍ നന്നായി നടക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളില്‍ യാതൊരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. ഇതില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയത് ജില്ലാ കലക്ടര്‍ മാലിന്യസംസ്‌കരണം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടില്‍ ഉള്‍പ്പെടുത്തി ഉത്തരവു പുറപ്പെടുവിച്ചപ്പോഴാണ്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 15നകം അജൈവമാലിന്യ ശേഖരണം ആരംഭിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
67 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലാറ്റികളിലും ഇതിനോടകം അജൈവ മാലിന്യ ശേഖരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകര്‍മസേന പരിശീലനം ലഭിച്ച് പ്രവര്‍ത്തന സജ്ജരാണ്. മഴക്കാലം ആരംഭിച്ചതോടെ പല കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുകയാണ്. നിപായുടെ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെയും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെയും എം.എല്‍.എമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍ ഈ പദ്ധതിയുടെ നിലവിലെ അവസ്ഥ ജില്ലാ കലക്ടര്‍ വിശദമാക്കിയിരുന്നു. ജനകീയ സഹകരണം നിര്‍ബന്ധമാണെന്നും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ മൂലം അവ തടസപ്പെടാതെ മുന്നോട്ടു പോകാനുള്ള എല്ലാവിധ പിന്തുണയും രാഷ്ട്രീയ കക്ഷിഭേദമന്യേ ജില്ലാ ഭരണകൂടത്തിന് നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
ഈ അവസരത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയുടെ മാലിന്യസംസ്‌കരണത്തിനുള്ള ഉത്തരവാദിത്തം വെവ്വേറെ പരാമര്‍ശിച്ച് ഉത്തരവിറക്കുന്നുണ്ട്. അനിവാര്യ ചുമതലകളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയും സ്വീകരിക്കും. ഇതോടെ ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് സ്ഥിരം സംവിധാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തന സജ്ജമാക്കേണ്ടിവരും. ചുമതലകള്‍ പ്രത്യേകം പരാമര്‍ശിച്ച് കൂടുതല്‍ വ്യക്തമാക്കി നല്‍കാനും ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനു വേണ്ട നടപടികള്‍ എടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളെ കണ്ടെത്താനുമുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."