മരുന്ന് കയറ്റുമതി: മോദിയെ പുകഴ്ത്തി വീണ്ടും ട്രംപ്
വാഷിങ്ടണ്‍: മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.
ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നത്. ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ച് നല്‍കിയ മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ നന്ദിയറിയിച്ച ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വൈറസ് വ്യാപനത്തിനെതിരേ മാനവരാശി ഒന്നാകെ നടത്തുന്ന പോരാട്ടത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിസന്ധികള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കും എന്ന ട്രംപിന്റെ വാക്കുകളോട് പൂര്‍ണമായി യോജിക്കുന്നു.
ഇന്ത്യാ- അമേരിക്ക ബന്ധം എന്നത്തേക്കാളും ശക്തമാണ് ഇപ്പോള്‍. കൊവിഡിനെതിരായി മാനവരാശി ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഇവിടെ നമ്മുക്ക് ഒന്നിച്ചു വിജയിക്കാമെന്നും ട്രംപിനുള്ള മറുപടിയായി മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ നിര്‍മാണത്തിനാവശ്യമായ ഘടക പദാര്‍ഥങ്ങള്‍ അയച്ചു തന്ന ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍. 'ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.
കൊവിഡ് രോഗികളെയും മലേറിയ, ആര്‍ത്രൈറ്റിസ് രോഗികളെയും ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും.' കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ പറഞ്ഞു.
ബ്രസീല്‍ ജനതയെ സമയോചിതമായി സഹായിച്ച ഇന്ത്യന്‍ ജനതക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ അവസരത്തില്‍ താന്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും ബ്രസീല്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കൊവിഡ് രോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ മരുന്ന് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ സഹായം തേടി അമേരിക്ക, ബ്രസീല്‍, ശ്രീലങ്ക തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ മുന്നോട്ടു വന്നത്.
2.9 കോടി ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഇന്ത്യയില്‍ നിന്നു യു.എസ് കഴിഞ്ഞ ദിവസം വാങ്ങുകയും ചെയ്തിരുന്നു. ട്രംപിന്റെ വിരട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.
ഗുജറാത്ത് ആസ്ഥാനമായുള്ള മൂന്നു കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഗുളിക കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്നും ഇന്ത്യ മരുന്ന് ആവശ്യപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."