ആശങ്കയില്‍ ഹൂസ്റ്റണിലെ മലയാളികള്‍
കൊച്ചി: ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള യു.എസിലെ വന്‍നഗരങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ്-19 കൊടുങ്കാറ്റായി ഹൂസ്റ്റണിലും ആഞ്ഞടിക്കുമോയെന്ന ആശങ്കയിലാണ് ഇവിടെയുള്ള മലയാളി സമൂഹം. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് 2,650 കിലോമീറ്റര്‍ തെക്കേ അറ്റത്തായാണ് ഡാലസ് നഗരത്തിന്റെ ഭാഗമായ ഹൂസ്റ്റണ്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ വലിയതോതില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഹൂസ്റ്റണ്‍ ഏതുസാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് .
ഹൂസ്റ്റണില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ നിരവധി മലയാളികളാണുള്ളത്. ഹൂസ്റ്റണിന് സമീപത്തെ സിയെന്ന പ്ലാന്റേഷനിലെ മലയാളികള്‍ ഒത്തുചേരുന്ന കത്തോലിക്കാ പള്ളിയില്‍ കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയുയര്‍ത്തിയിരിക്കുകയാണ് . ആശുപത്രികളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഹൂസ്റ്റണിലെ മെമ്മോറിയല്‍ ഹെര്‍മ്മന്‍ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കടുത്തുരുത്തി സ്വദേശിനി സുജിമോള്‍ സാം 'സുപ്രഭാത'ത്തോട് പറഞ്ഞു. രോഗികളെ പരിചരിക്കുന്നവര്‍ ഉപയോഗിക്കുന്ന എന്‍-95 മാസ്‌ക്കുകള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വലിയതോതില്‍ ലഭ്യതക്കുറവുണ്ട്. ഹൂസ്റ്റണിലെ ആശുപത്രികളില്‍ മാസ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ളവ സാനിറ്റൈസ് ചെയ്ത് പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് വ്യാപകമായാല്‍ ഉപയോഗിക്കുന്നതിനായി സുരക്ഷാ ഉപകരണങ്ങള്‍ കരുതിവയ്ക്കുന്നതിന് ഇവിടെയുള്ള ആശുപത്രികള്‍ ശ്രദ്ധകൊടുക്കുന്നുണ്ടെന്ന് സുജിമോള്‍ പറഞ്ഞു. കൊവിഡ് വ്യാപന ആശങ്കകള്‍ക്കിടെയിലും ഡാലസില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഭക്ഷണം വാങ്ങിപ്പോകാന്‍ മാത്രമായി റെസ്‌റ്റോറന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മാളുകളും പബ്ബുകളും ബാറുകളും മൂന്നാഴ്ചകള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയിരുന്നു.
അതിനിടെ, സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുമ്പോഴും കൊവിഡ്-19 പരിശോധന നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. നിലവില്‍ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്നവരെ അഡ്മിറ്റ് ചെയ്ത ശേഷം മാത്രമാണ് ടെസ്റ്റ് ചെയ്യാറുള്ളത്. അതിനുശേഷം പരിശോധനാ ഫലം വന്ന ശേഷമാകും കൊവിഡ് പട്ടികയിലുള്‍പ്പെടുത്തുക. രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധനയ്ക്ക് വിധേയരാകാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് വൈറസ് ബാധയുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."