മലപ്പുറത്ത് രണ്ടാമത്തെയാളും രോഗമുക്തനായി
മഞ്ചേരി: മലപ്പുറത്തിന് ആശ്വാസമായി ജില്ലയിലെ രണ്ടാമത്തെയാളും കൊവിഡില്‍ നിന്ന് മുക്തി നേടി വീട്ടിലേക്ക് തിരിച്ചു. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കൊറ മുഹമ്മദ് മുസ്തഫ (46) യാണ് ഇന്നലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷം വൈറസിനെ അതിജീവിച്ച കരുതലിന്റെ കരുത്തില്‍ മുസ്തഫ പുതു ജീവിതത്തിലേക്ക് ചുവടുവച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്കും അഭിമാന മുഹൂര്‍ത്തം. ദുബൈയില്‍ നിന്ന് മാര്‍ച്ച് 21 ന് നാട്ടിലെത്തിയതു മുതല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകയായ പ്രവാസികൂടിയാണ് മുഹമ്മദ് മുസ്തഫ. ജില്ലയിലെ ആദ്യ കൊവിഡ് രോഗി വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി കോക്കോടന്‍ മറിയക്കുട്ടിക്കു പിറകെ മുഹമ്മദ് മുസ്തഫയും രോഗമുക്തനാവുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിത്.
14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി, സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ.വി നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ മുസ്തഫയെ യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."