അധികൃതരുടെ അവഗണന: പൊതുകുളം നശിക്കുന്നു
പെരുമ്പിലാവ്: അധികൃതരുടെ അവഗണന. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ അരുവായിയിലെ പൊതുകുളം നശിക്കുന്നു. കിട്ടാക്കനിയാണിപ്പോള്‍ വെള്ളം. നാട്ടുകാര്‍ വെള്ളം കിട്ടാതെ പായുമ്പോഴാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ അരുവായിലെ ഈ പൊതുകുളം വേണ്ടത്ര പരിഗണന കിട്ടാതെ നശിച്ചുകൊണ്ടിരിക്കുന്നത്.
അരുവായിലെ ഈ കുളത്തിന് പേര് കുഞ്ഞുകുളം എന്നാണെങ്കിലും വെള്ളത്തിന്റെ കാര്യത്തിലും വിസ്തൃതിയുടെ കാര്യത്തിലും കുളം കുഞ്ഞനല്ല. പഞ്ചായത്തിലെ ഒരേക്കറോളം വിസ്തൃതിയുള്ള കുളമാണ് കുഞ്ഞുകുളം. എന്നിട്ടും അധികൃതരുടെ കനിവ് കിട്ടാത്തതെന്താണെന്നാണ് നാട്ടുകാരുടെയും ചോദ്യം. കഴിഞ്ഞ മുപ്പതു വര്‍ഷക്കാലമായി കുളത്തിന്റെ പേരില്‍ പോലും ഒരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് പരിസരവാസികള്‍ ഒന്നടങ്കം പറയുന്നു. മാറി മാറി വന്ന ഭരണസമിതികള്‍ കുളത്തില്‍ നീന്തല്‍ പരിശീലന സാധ്യത കണ്ട് പദ്ധതികള്‍ തയാറാക്കിയെങ്കിലും ഒന്നും ഫയലിനു പുറത്തുവന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. പ്രസിദ്ധമായ പഴഞ്ഞി അടയ്ക്കമാര്‍ക്കറ്റില്‍ വ്യാപാരത്തിന് വന്നിരുന്നവര്‍ക്കു വേണ്ടി നിര്‍മിച്ചതാണ് കുഞ്ഞുകുളം എന്ന് പറയപ്പെടുന്നു.
അക്കാലത്ത് ഇവിടെ കുളപ്പുരയും നിര്‍മിച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അവയെല്ലാം നശിച്ചു. ഏതു വേനലിലും വെള്ളം സമൃദ്ധമായി കാണുന്ന കുളമാണ് കുഞ്ഞുകുളം. മേഖലയിലെ തന്നെ പ്രധാനജലസ്രോതസ്സ്. എന്നാല്‍ ഇപ്പോള്‍ അധികാരികളുടെ അവഗണന മൂലം നാശത്തിലേക്ക് ആഴ്ന്നു കൊണ്ടിരിക്കുകയാണ് കുഞ്ഞുകുളം. കുളത്തിന്റെ മൂന്നു വശവും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു വശം, ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നിട്ടുള്ളതാണ്. ഇവിടെ ഭിത്തി നിര്‍മിക്കാത്തത് മൂലം മണ്ണിടിഞ്ഞു കുളത്തിലേക്ക് പതിക്കുന്നുണ്ട്. പത്തടിയോളം താഴ്ചയുള്ള കുളത്തിന്റെ അടിവശത്ത് ചെളി നിറഞ്ഞു കിടക്കുകയാണ്. ഒരാള്‍ പൊക്കത്തിലുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. കാലാനുസൃതമായി ചെളി നീക്കം ചെയ്യാത്തതുമൂലം കുളത്തിന് വേണ്ടത്ര വെള്ളം നിലനിര്‍ത്താന്‍ കഴിയുന്നില്ല. നാട്ടുകാരില്‍ ചിലര്‍ കുളത്തില്‍ വീട്ടുമാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നത് കുളം മലിനപ്പെടുത്തുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് കുളത്തിന് ചുറ്റും ഭിത്തികള്‍ നിര്‍മിച്ച് കുളം സംരക്ഷിക്കുകയും കുളത്തിനടിയിലെ ചെളികള്‍ നീക്കം ചെയ്ത് കുളം വൃത്തിയാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം നവീകരിച്ചാല്‍ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനത്തിനും കുളം ഉപയോഗപ്പെടുത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."