കൊവിഡ്: വൈദ്യുതി ബോര്‍ഡിന് ലോക്ക് ഡൗണില്‍ നഷ്ടം 225 കോടി
നിലമ്പൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വൈദ്യുതി ബോര്‍ഡിന് കനത്തനഷ്ടം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 225 കോടി രൂപയാണ്. വൈദ്യുതി ഉപയോഗത്തിലെ ഗണ്യമായ കുറവാണ് കാരണം.
വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശം നല്‍കിയതോടെ ദൈനംദിന വരുമാനത്തില്‍ നാല്‍പ്പതു കോടി രൂപ കുറഞ്ഞുവെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. മുമ്പൊരിക്കലും ഉണ്ടാകാത്ത അസാധാരണ പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ഇ.ബി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുകയും ഉയര്‍ന്ന നിരക്ക് നല്‍കുകയും ചെയ്തിരുന്ന ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാനപങ്ങളും വ്യവസായസ്ഥാപനങ്ങളും അടച്ചിട്ടതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പും അതിനുശേഷവുമുള്ള ദൈനംദിന വൈദ്യുതി ഉപയോഗത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് 25ന് രാജ്യം മുഴുവന്‍ നിശ്ചലമായതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. മാര്‍ച്ച് 26ന് 65.64 ദശലക്ഷം യൂനിറ്റാണ് കേരളം ഉപയോഗിച്ചത്. ശരാശരി ഉപയോഗം 67.58 ദശലക്ഷം യൂനിറ്റായി മാറി. ലോക്ക് ഡൗണിന് ശേഷമുള്ള വൈദ്യുതി ഉപയോഗത്തില്‍ മാര്‍ച്ച് 31വരെ കണക്കെടുത്തപ്പോള്‍ 70.09 ദശലക്ഷം യൂനിറ്റാണ് ഉപയോഗം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ശരാശരി 88 ദശലക്ഷം യൂനിറ്റുവരെ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. ഈ വര്‍ഷം അത് 67.58 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതാണ് മറ്റൊരു കാരണം. വൈദ്യുതി വില്‍പന കുറഞ്ഞതോടെ ദിനംപ്രതി ശരാശരി 14 കോടി രൂപയാണ് നഷ്ടം. വൈദ്യുതി ബില്‍ ഇനത്തിലും മറ്റും 45 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിന് ദിവസവും കിട്ടിക്കൊണ്ടിരുന്നത്. അത് ഇപ്പോള്‍ അഞ്ചുകോടി രൂപയായി കുറഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി 20 ദിവസം കഴിഞ്ഞാല്‍ വൈദ്യുതി വില്‍ക്കാത്തതുമൂലം മാത്രം കെ.എസ്.ഇ.ബിക്കു വരുന്ന നഷ്ടം 280 കോടി രൂപയാകും. ഇത് നികത്താന്‍ കേന്ദ്ര ഇടപെടല്‍ കൂടിയേ മതിയാകൂ എന്നാണ് വിലയിരുത്തല്‍.
ദീര്‍ഘകാല കരാറുകളിലൂടെ വാങ്ങുന്ന വൈദ്യുതി കേരളത്തിന്റെ ആവശ്യം കഴിഞ്ഞാല്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുന്നതിലൂടെയും നിശ്ചിത വരുമാനം കിട്ടിയിരുന്നുവെങ്കിലും അതും ഇത്തവണ തടസമായി. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പാക്കേജില്‍ വൈദ്യുതി പ്രസരണ വിതരണ കമ്പനികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."