തോന്നും പോലെ പാര്‍ക്കിങ്: കണ്ണൂരില്‍ കുരുക്കേറുന്നു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മിക്കയിടത്തും ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് ഇന്നലെയും യാത്രക്കാരെ വലച്ചു.
താവക്കര അടിപ്പാത മുതല്‍ പ്ലാസ ജങ്ഷന്‍ വരെയുള്ള റോഡില്‍ ഏതു സമയത്തും വാഹനക്കുരുക്ക് തുടരുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡിലേക്കുള്ള വഴിയില്‍ ബസുകള്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതാണ് ഈ കുരുക്കിന് കാരണമാകുന്നതെന്നാണ് ആരോപണം. ഈ സ്റ്റോപ്പില്‍ ഓട്ടോറിക്ഷ സ്റ്റാന്റും ഉള്ളതിനാല്‍ കൂടുതല്‍ റോഡരികിലേക്ക് നിര്‍ത്താനും സാധിക്കില്ല.
ഇതോടെ ഒന്നിലധികം ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിടുകയും ഇതേത്തുടര്‍ന്ന് പിറകിലെത്തുന്ന മുഴുവന്‍ വാഹനങ്ങളും കുരുക്കില്‍പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. പ്ലാസ ജങ്ഷനിലേക്കുള്ള വാഹനങ്ങളും കുരുക്കില്‍ അകപ്പെടുന്നു. ഇതേ അവസ്ഥ തുടരുമ്പോള്‍ കുരുക്ക് മണിക്കൂറുകളോളം നീളുകയും കലക്ടറേറ്റിനു മുന്നില്‍ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്യുന്നതും പതിവാണ്.
നഗരത്തിലെ പ്രധാനറോഡുകള്‍ ഉള്‍പ്പെടെ വെട്ടിപ്പൊളിച്ചിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായാണ് റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊതുമരാമത്ത് റോഡുകള്‍ വെട്ടിപ്പൊളിക്കരുതെന്ന് വകുപ്പ് മന്ത്രിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞദിവസം ധനലക്ഷ്മി ആശുപത്രിയിലേക്കുള്ള റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടര്‍ന്ന് മഴയില്‍ ചെളി രൂപപ്പെട്ടത് വാഹനങ്ങള്‍ക്ക് ദുരിതമായിരുന്നു.
മഴക്കാലം തുടങ്ങിയതോടെ വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പോലും സാധിക്കില്ലെന്നുറപ്പാണ്. ധനലക്ഷ്മി റോഡില്‍ നടത്തിയ പ്രവൃത്തിയെതുടര്‍ന്ന് ശുദ്ധജല വിതരണ പൈപ്പുകളും പൊട്ടിയിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ്താവക്കര സ്‌കൈപാലസ് ഹോട്ടലിനു മുന്നിലും റോഡിനു മധ്യത്തിലായി കുഴിയെടുത്ത് മണ്ണിട്ടു മൂടുകയാണ് ചെയ്തത്. ഈ കുഴിയില്‍ ചെറുവാഹനങ്ങള്‍ വീഴുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹകരിക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."