മാലുമേല്‍ ക്ഷേത്രോത്സവം; ഗ്രീന്‍ പ്രോട്ടോക്കോളില്‍ നടത്തും
കൊല്ലം: കരുനാഗപ്പള്ളി മാലുമേല്‍ ക്ഷേത്രത്തിലെ മേടമാസ വിഷു മഹോത്സവം ഹരിതചട്ടങ്ങള്‍ (ഗ്രീന്‍ പ്രോട്ടോക്കോള്‍) പാലിച്ച് നടത്തും. ക്ഷേത്ര ഭാരവാഹികളുമായി ജില്ലാ ശുചിത്വ മിഷന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഉത്സവത്തോടനുബന്ധിച്ചുള്ള സപ്താഹത്തിന് അന്നദാനം, കുടിവെള്ള വിതരണം എന്നിവക്ക് ഉപയോഗ ശേഷം വലിച്ചെറിയുന്ന പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കില്ല. പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍, ഗ്ലാസ്, കളിമണ്‍ പാത്രങ്ങളില്‍ നല്‍കും. ഭാവിയില്‍ ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും. പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഒഴിവാക്കും.
മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുന്നതിനുള്ള നിര്‍ദേശം ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങള്‍ക്ക് നല്‍കും. ക്ഷേത്ര പരിസരത്ത് ഹരിത ചട്ടങ്ങള്‍ സംബന്ധിച്ചുള്ള പ്രചാരണം നടത്തും.
കെട്ടുകാഴ്ചകള്‍ പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കി നടത്തുന്നതിന് കെട്ടുത്സവ സമിതികള്‍ക്ക് നിര്‍ദേശം നല്‍കും. ശുചിത്വ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍, ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് വിളയില്‍, സെക്രട്ടറി ജി രഘുനാഥ്, ജോയിന്റ് സെക്രട്ടറി ആര് അജി, ശുചിത്വ മിഷന് സന്നദ്ധ പ്രവര്‍ത്തക എല്‍ ഷൈലജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."