ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകം: അനിശ്ചിതകാല സമരം നിര്‍ത്തിവച്ചു
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സി.ബി.ഐയുടെ പ്രത്യേക സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമാക്കണമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ലോക്കല്‍ പൊലിസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട്ട് തുടരുന്ന അനിശ്ചിതകാല സമരം മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം തല്‍ക്കാലം പിന്‍വലിക്കാന്‍ ധാരണയായത്.
ഞായറാഴ്ച സമരം 65- ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. സി.ബി.ഐ അന്വേഷണത്തില്‍ ഏതൊക്കെ വിധത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍മാരായ സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കണ്‍വീനര്‍ ഇ. അബ്ദുല്ലക്കുഞ്ഞി, ഖാസിയുടെ മകന്‍ സി.എം മുഹമ്മദ് ഷാഫി, മരുമകന്‍ യു.എം അഹമ്മദ് ഷാഫി, അബ്ദുല്‍ ഖാദിര്‍ സഅദി, പൊതുപ്രവര്‍ത്തകനായ ഹംസ മേല്‍പ്പറമ്പ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മൊയ്തീന്‍ കുഞ്ഞി കളനാട്, വി.കെ രാജന്‍, കുഞ്ഞബ്ദുല്ല കോളിയടുക്കം എന്നിവരാണ് റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഒപ്പുമരച്ചുവട്ടില്‍ പ്രത്യേകം പന്തല്‍ കെട്ടിയാണ് രണ്ടുമാസത്തിലധികമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും സമരത്തിലേര്‍പ്പെട്ടുവന്നത്.
സമരം തല്‍ക്കാലം നിര്‍ത്തിവച്ചുവെങ്കിലും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും വ്യക്തമാക്കി. ഖാസിയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ച് തുടക്കത്തില്‍ തന്നെ അന്വേഷണം അട്ടിമറിക്കാന്‍ ലോക്കല്‍ പൊലിസ് നടത്തിയ ഇടപെടലുകളും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാണിച്ച താല്‍പര്യങ്ങളും അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി മന്ത്രിയോടാവശ്യപ്പെട്ടു.
സര്‍ക്കാറില്‍ ഇതിനു സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."