ഉത്തരവുകള്‍ കൊണ്ടും കാര്യമില്ല; കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നാമമാത്ര
കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവെന്നു പരാതി. ഉല്‍പാദനച്ചെലവിന്റെ നാലിലൊന്നു നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രമല്ല, വന്യമൃഗ ഭീഷണിയുള്ളത്. വനാതിര്‍ത്തി കടന്ന് നഗരങ്ങളില്‍ പോലും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
തിരുനെല്ലി, നൂല്‍പ്പുഴ, പൊഴുതന, നടവയല്‍ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നതു കാരണം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടങ്ങളിലും കര്‍ഷകര്‍ കൃഷിയിറക്കാതെ ഭൂമി തരിശിട്ടിരിക്കുകയാണ്. കൃഷിവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ചാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍, സര്‍ക്കാര്‍ കലോചിതമായി നഷ്ടപരിഹാരം വര്‍ധിപ്പിക്കാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമാവുന്നത്. 2002ലാണ് അവസാനമായി നഷ്ടപരിഹാരം തിട്ടപ്പെടുത്തിയത്.
ദുരന്തനിവാരണ സമിതി കണക്കനസരിച്ചാണ് കൃഷി വകുപ്പ് നഷ്ടം കണക്കാക്കുന്നത്. ഏറ്റവുമൊടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരം നഷ്ടപരിഹാരം പുതുക്കി 2014 ഒക്ടോബര്‍ 31നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചതിലും 10 ശതമാനം അധികമാണ് പുതുക്കിയ നിരക്ക്. കര്‍ഷകര്‍ക്കുണ്ടാവുന്ന യഥാര്‍ഥ നഷ്ടം പരിഹരിക്കാന്‍ ഈ തുക തികയില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഒരു ഹെക്ടറില്‍ നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഏകദേശം 65,000-70,000 രൂപയ്ക്കിടയില്‍ ഇടയില്‍ ചെലവ് വരും. എന്നാല്‍, വിത്ത്, വളം, പണിക്കൂലി എന്നിവ കണക്കാക്കുമ്പോള്‍ ചെലവ് ഇതിലും അധികം വരുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ഹെക്റ്റര്‍ നെല്‍കൃഷി നശിച്ചാല്‍ 11,000 രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. ഒരു നേന്ത്രവാഴ നടാന്‍ 200 രൂപയ്ക്കടുത്ത് ചെലവ് വരുമ്പോള്‍ കര്‍ഷകന് ലഭിക്കുന്ന നഷ്ടപരിഹാരം കുലയ്ക്കാത്ത വാഴയ്ക്ക് 83 രൂപയും കുലച്ച വാഴയ്ക്ക് 110 രൂപയും മാത്രം. ടാപ്പ് ചെയ്യുന്ന റബര്‍ നശിച്ചാല്‍ ഉടമയ്ക്ക് ഒരു തൈക്ക് 330 രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍, ഇപ്പോഴത്തെ ചെലവനുസരിച്ച് ഒരു റബറിന് 1,000 രൂപയെങ്കിലും കിട്ടണമെന്നാണ് കര്‍ഷക പക്ഷം. ഒരു ഹെക്ടറില്‍ കൃഷി നടത്തി കാപ്പി വിളവെടുക്കുമ്പോഴേക്കും കര്‍ഷകന് ഒന്നര ലക്ഷത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. എന്നാല്‍, ഒരു ചെടിക്ക് 110 രൂപ കണക്കാക്കിയാണ് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍, ഒരു കാപ്പിച്ചെടിക്ക് 1,000 രൂപയെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കുരുമുളക് ചെടി ഒന്നിന് നല്‍കുന്നതും 110 രൂപ മാത്രമാണ്. ഇത് 2,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇഞ്ചിക്ക് 10 സെന്റില്‍ കൃഷി നശിച്ചാല്‍ 165 രൂപയും ഏലം ഹെക്റ്ററിന് 2,750 രൂപയും മഞ്ഞളിന് 132 രൂപയും പച്ചക്കറി 10 സെന്റില്‍ നശിച്ചാല്‍ 220 രൂപയും കപ്പക്ക് 165 രൂപയുമാണ് ഏറ്റവും പുതിയ നഷ്ടപരിഹാരം. കുലച്ച തെങ്ങിന് 770 രൂപയാണ് നഷ്ടപരിഹാരം. അത് 2,000 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജില്ലയില്‍ ഏറ്റവും അധികം നെല്‍കൃഷി ചെയ്യുന്ന പ്രദേശങ്ങളിലധികവും നൂല്‍പ്പുഴ, പനമരം, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലാണ്. എന്നാല്‍, വന്യമൃഗ ഭീഷണി കാരണം ഏക്കര്‍കണക്കിന് പാടങ്ങളാണ് ഇവിടെ തരിശിട്ടിരിക്കുന്നത്. നെല്‍കൃഷി വ്യാപനത്തിന് സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമ്പോഴും വന്യമൃഗ ഭീഷണികളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ഫെന്‍സിങ് നടത്തി വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങുന്നതു തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."