കുടിയന്മാര്‍ ഒഴുകിയെത്തി; ശ്വാസംമുട്ടി ബിവറേജസ് ഔട്ട്‌ലെറ്റും പരിസരവും
മുഹമ്മ: കുടിയന്മാര്‍ ഒഴുകിയെത്തിയപ്പോള്‍ മുഹമ്മയിലെ ബിവറേജസ് ഔട്ട്‌ലെറ്റും പരിസരവും തിരക്കില്‍ വീര്‍പ്പുമുട്ടി. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിനാളുകളാണ് മദ്യം വാങ്ങാന്‍ മുഹമ്മയിലെത്തിയത്. ലക്ഷങ്ങളുടെ മദ്യവില്‍പ്പനയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ടുണ്ടായത്.
തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിന് ലാത്തി വീശേണ്ടി വന്നു. ദേശീയ സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ബിവറേജസ് കോര്‍പറേഷന്റെ നാല് വില്‍പ്പനശാലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ഇവയിലൊന്ന് മുഹമ്മയിലേതാണ്. ചേര്‍ത്തലയ്ക്കും ഹരിപ്പാടിനുമിടയില്‍ ഈ ഒറ്റ വില്‍പ്പനശാല മാത്രമാണുള്ളത്. ആലപ്പുഴയിലേതടക്കം വില്‍പ്പനശാലകള്‍ പൂട്ടിയതോടെ ആവശ്യക്കാര്‍ മദ്യം വാങ്ങാന്‍ കൂട്ടത്തോടെ മുഹമ്മയിലേയ്‌ക്കെത്തുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്നലെ രാവിലെ മുതല്‍ ഇവിടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റും പരിസരവും മദ്യം വാങ്ങാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. ഇതോടെ ഗതാഗതവും സ്തംഭിച്ചു. തുടര്‍ന്ന് മുഹമ്മയില്‍ നിന്നും കഞ്ഞിക്കുഴിയില്‍ നിന്നും പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മദ്യം വാങ്ങാനെത്തിയവരുടെ ക്യൂ ഇരുവശങ്ങളിലേയ്ക്കും മീറ്ററുകളോളം നീണ്ടു. തിരക്ക് നിയന്ത്രിക്കാനും വാഹനങ്ങള്‍ കടത്തിവിടാനും പൊലിസ് നന്നേ പാടുപെട്ടു.
ഉച്ചയോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിന് ലാത്തി വീശേണ്ടി വന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിവാഹപ്പാര്‍ട്ടികളുടെ വാഹനങ്ങള്‍ പോലും ഏറെനേരം കുരുക്കില്‍ അകപ്പെട്ടു. തിരക്കായതിനാല്‍ ജങ്ഷനില്‍ നിന്ന് ബസ് കയറാനെത്തിയവര്‍ മറ്റ് സ്റ്റോപ്പുകളെ ആശ്രയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."