കര്‍ണാടകയിലെ ആശുപത്രികളില്‍ ചികിത്സ നിഷേധം; ഇന്നലെ ആരും അതിര്‍ത്തി കടന്നില്ല
സ്വന്തം ലേഖകന്‍
കാസര്‍കോട്: ലോക്ക് ഡൗണിനിടയില്‍ അതിര്‍ത്തി കൊട്ടിയടച്ച കര്‍ണാടകയുടെ കബളിപ്പിക്കല്‍ നാടകം തുടര്‍ന്നതോടെ കേരളത്തില്‍ നിന്ന് ഇന്നലെ ആരും അതിര്‍ത്തി കടന്നുള്ള ചികിത്സയ്ക്കു മുതിര്‍ന്നില്ല.
സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് രോഗികള്‍ക്കു വേണ്ടി അതിര്‍ത്തി തുറന്ന കര്‍ണാടക സര്‍ക്കാര്‍ നാടകം കളിച്ചതോടെയാണ് ഇന്നലെ ആരും തന്നെ വിദഗ്ധ ചികിത്സ തേടി മംഗളൂരുവിലേക്ക് കടക്കാന്‍ തയാറാകാതിരുന്നതെന്നാണ് സൂചന. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള രണ്ടു സ്ത്രീ രോഗികളും കാസര്‍കോട്ടെ ഒരു പുരുഷ രോഗിയും ഏറെ സാഹസപ്പെട്ട് അതിര്‍ത്തി കടന്നു മംഗളൂരു ദേര്‍ളക്കട്ടയിലെ രണ്ട് ആശുപത്രികളില്‍ എത്തിയെങ്കിലും അവരെ കണ്ട ഭാവം പോലും നടിക്കാതെ ചികിത്സ നിഷേധിച്ചു തിരിച്ചയച്ചിരുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അതിര്‍ത്തിപ്രദേശമായ തലപ്പാടിയില്‍ കേരള ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷം ചെക്ക് ലിസ്റ്റ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് കൊടുത്തുവിട്ട രോഗികള്‍ക്കാണ് മംഗളൂരുവില്‍ നിന്ന് ചികിത്സ കിട്ടാതെ തിരികെ പോരേണ്ടിവന്നത്. പുറമേക്ക് അതിര്‍ത്തി തുറന്നതായി പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാര്‍ രഹസ്യമായി ആശുപത്രികള്‍ക്കു ചികിത്സ നിഷേധിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന.
ഈ അവസ്ഥയില്‍ ഏറെ സാഹസപ്പെട്ട് അതിര്‍ത്തി കടന്നു ചെന്നാലും ഡോക്ടര്‍മാരും ആശുപത്രികളും ചികിത്സ നിഷേധിക്കുന്ന സാഹഹചര്യമുണ്ടായതോടെയാണ് ഇന്നലെ അതിത്തിയില്‍ ഒരു ആംബുലന്‍സ് പോലും എത്താതിരുന്നത്. രോഗികളെ തിരിച്ചയച്ചതിനു പിന്നാലെ വീണ്ടും മുടന്തന്‍ ന്യായങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. തലപ്പാടിയിലെ താല്കാലിക ക്യാംപില്‍ നിന്ന് മെഡിക്കല്‍ ഓഫിസര്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ലെന്ന വാദമാണ് കര്‍ണാടക കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ രോഗികളെ അതിര്‍ത്തി കടത്തി വിടുകയുള്ളൂവെന്നാണ് കര്‍ണാടക അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സന്ധ്യയോടെ തലപ്പാടിയിലെ ക്യാംപ് ആരോഗ്യ വകുപ്പ് അവസാനിപ്പിക്കുകയും തുടര്‍ന്ന് ഇന്നലെ മുതല്‍ മഞ്ചേശ്വരം സി.എച്ച്.സിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തി കൊട്ടിയടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വാരത്തില്‍ 13 പേരാണ് വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട്ട് മരിച്ചത്. ഇവരില്‍ ഒന്നോരണ്ടോ പേരൊഴികെയുള്ളവര്‍ വര്‍ഷങ്ങളായി മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നവരാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."