ആസ്‌ത്രേലിയയില്‍ തൂക്കുസഭയ്ക്ക് സാധ്യത
മെല്‍ബണ്‍: പൊതുതെരഞ്ഞെടുപ്പ് നടന്ന ആസ്‌ത്രേലിയയില്‍ തൂക്കു പാര്‍ലമെന്റിന് സാധ്യത. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലിബറല്‍ ദേശീയ സഖ്യത്തിനും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിയ്ക്കില്ലെന്നാണ് ആദ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളും പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ടെനും തമ്മിലാണ് പ്രധാന മത്സരം. ഭരണം തുടരാന്‍ സാധിക്കുമെന്ന് മാല്‍കം ടേണ്‍ബുളും ഭരണത്തിലേറുമെന്ന് ബില്‍ ഷോര്‍ടെനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
150 അംഗ കോണ്‍ഗ്രസില്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് 72 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 63 സീറ്റും ലഭിച്ചേക്കുമെന്നാണ് സൂചന. ഗ്രീന്‍ പാര്‍ട്ടി രണ്ടും അഞ്ചിലധികം സീറ്റുകള്‍ സ്വതന്ത്രന്മാരും നേടുമെന്നും റിപ്പോര്‍ട്ടുണ്ട്. 12 സീറ്റുകളുടെ ഫലം പ്രവചനാതീതമാണ്. തൂക്കുസഭയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ നിര്‍ണായകമാകും.
ഉപരിസഭയായ സെനറ്റിലെ 76 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും 25 വീതം സീറ്റുകള്‍ പിടിയ്ക്കുമെന്നാണ് സൂചന. ഇരുസഭകളിലും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കേവല ഭൂരിപക്ഷത്തിന് ജനപ്രതിനിധി സഭയില്‍ 76 സീറ്റുകളും സെനറ്റില്‍ 38 സീറ്റുകളും വേണം.
45ാമത് ഫെഡറല്‍ പാര്‍ലമെന്റിലേക്ക് 226 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. 55 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് അഞ്ച് ഇന്ത്യന്‍ വംശജരടക്കം 1,600 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. മൂന്നു വര്‍ഷത്തിനിടെ നാലു പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. സാമ്പത്തിക അസ്ഥിരത, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം,
ആരോഗ്യം, അഭയാര്‍ഥി പ്രശ്‌നം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ വിഷയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."