പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ വേറിട്ട മാതൃകയുമായി കുറ്റിപ്പുറം
മലപ്പുറം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി സൗഹൃദ വാട്ടര്‍ ഫഌസ്‌കുകള്‍ സൗജന്യമായി നല്‍കി കുറ്റിപ്പുറത്തിന്റെ മാതൃക.
സ്‌കൂളുകളിലും വീടുകളിലും ഹരിത പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ മാതൃകാ പദ്ധതി.'സമഗ്ര വിദ്യാഭ്യാസ യജ്ഞവും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാനിങ് ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 37 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുക.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ച വാട്ടര്‍ ഫഌസ്‌ക് വിതരണം ചെയ്യും. 37 സ്‌കൂളുകളിലെ 5000 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 300 രൂപ വീതം വില വരുന്നതാണ് ഓരോ ഫഌസ്‌കും. ഈ സ്‌കൂളുകളില്‍ ഓരോ ശുചിത്വ കിറ്റ് വീതവും വിതരണം ചെയ്യും. വേസ്റ്റ് ബാസ്‌കറ്റ്, ബക്കറ്റ്, ശുചീകരണ ഉപകരണങ്ങള്‍, ശുചീകരണ ലായനികള്‍ തുടങ്ങിയവയാണ് ഒരു കിറ്റില്‍ ഉണ്ടാവുക. നാലായിരം രൂപയോളം ഇതിന് വില വരും. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ പ്ലാസ്റ്റിക്കിനെതിരായ അവബോധം സൃഷ്ടിക്കാനും ശുചിത്വാവബോധം നല്‍കാനും പദ്ധതിയിലൂടെ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതോടൊപ്പം രണ്ടാംഘട്ടത്തില്‍ തുണി സഞ്ചി നിര്‍മിച്ച് വിതരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. വസ്ത്രശാലകളില്‍ ബാക്കി വരുന്നതും വീടുകളില്‍ ഉപയോഗശൂന്യവുമായും ഇരിക്കുന്ന തുണികള്‍ ഉപയോഗിച്ചായിരിക്കും സഞ്ചികള്‍ നിര്‍മിക്കുക. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
പ്ലാസ്റ്റികിന് ബദലായി സഞ്ചികള്‍ ഉപയോഗിക്കാമെന്നതിന് പുറമെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാന്‍ ഇതു മൂലം സ്ത്രീകള്‍ക്ക് സാധിക്കുകയും ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."