പ്രവാസികളുടെ വിപണി : സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ തിരക്കേറി
നെടുമ്പാശ്ശേരി: ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ തിരക്കേറി. പെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കാനുള്ള പ്രതീക്ഷയുമായി ഏതാനും ദിവസങ്ങളായി നൂറുകണക്കിന് പ്രവാസികളാണ് ഓരോ ദിവസവും ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി നെടുമ്പാശ്ശേരിയില്‍ എത്തുന്നത്.
യാത്രക്കിടയില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളും മറ്റും കണക്കിലെടുത്ത് നല്ലൊരു ശതമാനം പേരും ഇപ്പോള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം ഡ്യൂട്ടിഫ്രീ ഷോപ്പില്‍ എത്തി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പ്രവാസികളുടെ കൂട്ടത്തോടെയുള്ള വരവ് കണക്കിലെടുത്ത് പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളും ഡ്യൂട്ടിഫ്രീ ഷോപ്പിന്‍ ഒരുക്കിയിട്ടുണ്ട്.
ഗള്‍ഫ് നാടുകളില്‍ പ്രചാരമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നും ലഭ്യമാകും. സിയാലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിനകത്തുള്ള ഡ്യൂട്ടിഫ്രീ ഷോപ്പിന്റ പ്രവര്‍ത്തനം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ റീകാര്‍പ്പറ്റിംഗ് നടക്കുന്നതിനാല്‍ ജംബോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ പല പ്രമുഖ വിമാന കമ്പനികളുടെയും വലിയ വിമാനങ്ങള്‍ നെടുമ്പാശ്ശേരി വഴിയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. അതു കൊണ്ട് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം പ്രവാസികളുടെയും യാത്ര ഇപ്പോള്‍ നെടുമ്പാശ്ശേരി വഴിയാണ്.
അന്താരാഷ്ട്ര വിമാനങ്ങള്‍ കൂടുതലായി വന്നിറങ്ങുന്ന അര്‍ദ്ധരാത്രി മുതല്‍ രാവിലെ 10 മണി വരെയുള്ള സമയങ്ങളില്‍ വിദേശത്ത് നിന്നും വരുന്നവരെ സ്വീകരിക്കാന്‍ എത്തുന്ന ബന്ധുക്കളുടെ തിരക്കുമൂലം അന്താരാഷ്ട്ര ടെര്‍മിനല്‍ വീര്‍പ്പുമുട്ടുകയാണ്. പ്രവാസികളുടെ വരവ് നാട്ടിലെ പെരുന്നാള്‍ വിപണിയിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തുന്ന പ്രവാസികളുടെ തിരക്ക് ചൂഷണം ചെയ്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ വിമാന ടിക്കറ്റിന്റെ നിരക്ക് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചത് നാട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാമെന്ന പല പ്രവാസികളുടെയും മോഹത്തിന് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."