പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുസജ്ജം
കാളികാവ്: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുസജ്ജമായി. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ ഒരു മടിയും കൂടാതെ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അതാത് പഞ്ചായത്തുകളില്‍ നിന്നുള്ളവരെ സ്വീകരിക്കുക.
ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചന നല്‍കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വിമാന സര്‍വിസ് പുനരാരംഭിച്ചാല്‍ വിദേശങ്ങളില്‍ കഴിയുന്ന മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങും. തിരിച്ചെത്തുന്നവരെ വീടുകളിലേക്കു വിടാതെ നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി. 28 ദിവസത്തെ ക്വാറന്റൈനു ശേഷം മാത്രമാണ് വീട്ടിലേക്കു വിട്ടയയ്ക്കുക.
പ്രവാസികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ടു തരത്തിലുള്ള കേന്ദ്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. രോഗലക്ഷണങ്ങളോടുകൂടി എത്തുന്നവരെ മാത്രം താമസിപ്പിക്കാനായി ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കിയിട്ടുണ്ട്. അല്ലാത്തവരെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുക. രണ്ടിടങ്ങളില്‍ എത്തുന്നവര്‍ക്കും ചികിത്സയും താമസവും പൂര്‍ണമായും സൗജന്യമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാാപനങ്ങളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോഡ്ജുകളുമാണ് പ്രധാനമായും ഇതിനായി കണ്ടെത്തിയിട്ടുള്ളത്.സൗജന്യമായ പൊതുവായ സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. എയര്‍ കണ്ടീഷന്‍ അടക്കമുള്ള ആഡംബര സൗകര്യം ആവശ്യമുള്ള പ്രവാസികള്‍ ചെലവ് സ്വയം വഹിക്കണം.
ഗ്രാമീണ മേഖലകളില്‍ ആഡംബര സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും പിന്തുണ നല്‍കും. ആരോഗ്യ വകുപ്പ്, പൊലിസ് എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."