മൊഞ്ചായി മൈലാഞ്ചി
കൊച്ചി: വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൈലാഞ്ചി. അത് കൊണ്ട്തന്നെ പൊരുന്നാളിലും സ്ത്രീകള്‍ക്കിടയില്‍ മൈലാഞ്ചിതന്നെയാണ് താരം.
പണ്ട് കാലങ്ങളില്‍ മൈലാഞ്ചിചെടിയുടെ ഇല അരച്ചാണ് ഇട്ടിരുന്നത്. എന്നാല്‍ ഇന്ന് റെഡിമെയ്ഡ് മൈലാഞ്ചി കോണുകള്‍ വിപണിയില്‍ സുലഭമാണ്.
കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പെരുന്നാള്‍ ദിവസം കയ്യില്‍ മൈലാഞ്ചി അണിയും. പെരുന്നാള്‍ രാവില്‍ ഓരോ വീടുകളിലും പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതായി മൈലാഞ്ചി അണിയല്‍ മാറി കഴിഞ്ഞു. മൈലാഞ്ചി കോണ്‍ രംഗത്ത് വന്നതോടെയാണ് മൈലാഞ്ചി അണിയല്‍ പെരുന്നാളിന് പ്രധാനപ്പെട്ടതായി മാറിയത്.
പണ്ട് കാലത്ത് കല്യാണം പോലെയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് മൈലാഞ്ചി ഉപയോഗിച്ചിരുന്നത്. അന്ന് ഇല ശേഖരിച്ച് അരച്ച് ഉപയോഗിക്കണമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചിരുന്ന മൈലാഞ്ചി ഇന്ന് ഇതര മതസ്ഥരുടെ ഇടയിലും പ്രചാരം നേടി കഴിഞ്ഞു.
കൊച്ചിയില്‍ മൈലാഞ്ചി വ്യാപാരം വലിയ തോതില്‍ വളര്‍ന്നു കഴിഞ്ഞു. വീടുകള്‍ കേന്ദ്രീകരിച്ചും മൈലാഞ്ചി കോണ്‍ വില്‍പ്പന പൊടി പൊടിക്കുകയാണ്. ഉപയോഗിക്കാന്‍ എളുപ്പമാണെന്നതാണ് മൈലാഞ്ചി കോണിന്റെ പ്രത്യേകത.
ഡിസൈനിങ്ങില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് പോലും മൈലാഞ്ചി ഇടുവാന്‍ കഴിയും എന്നതും കോണിന്റെ സാദ്ധ്യത വര്‍ദ്ധിക്കുന്നു. പത്ത് രൂപ മുതലുള്ള കോണുകളാണ് വില്‍പ്പനക്കുള്ളത്. പെരുന്നാളിന് മൈലാഞ്ചിയില്ലങ്കില്‍ എന്ത് ആഘോഷം എന്നാണ് സ്ത്രീ രത്‌നങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."