ജര്‍മനി രക്ഷപ്പെട്ടു... സെമിയിലേക്ക്
പാരിസ്: ചരിത്രം തിരുത്തി കുറിച്ച് ജര്‍മനി യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. പെനാല്‍റ്റി കിക്കിലും സമനില പാലിച്ച മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെ 6-5 എന്ന സ്‌കോറിന് ഇറ്റലിയെ വീഴ്ത്തിയാണ് ജര്‍മനി സെമിയില്‍ കടന്നത്. ആദ്യമായിട്ടാണ് വമ്പന്‍ ടൂര്‍ണമെന്റില്‍ ജര്‍നി ഇറ്റലിയെ തോല്‍പ്പിക്കുന്നത്. തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ക്ക് ശേഷമായിരുന്നു ജയം. ഷൂട്ടൗട്ടിലടക്കം 18 കിക്കുകളെടുക്കേണ്ടിവന്നു വിജയികളെ കണ്ടെത്താന്‍.
ഷൂട്ടൗട്ടില്‍ ഇരുടീമുകളും മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. തോമസ് മുള്ളര്‍, മെസുറ്റ് ഒസില്‍, ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റിഗര്‍ എന്നിവര്‍ ജര്‍മന്‍ നിരയില്‍ കിക്ക് പാഴാക്കി. ഇറ്റാലിയന്‍ നിരയില്‍ സിമോണെ സസ, ഗ്രേഷ്യാനോ പെല്ലെ, ലിയനാര്‍ഡോ ബൊനുച്ചി എന്നിവരുടെ കിക്കും പാഴായി. തുടര്‍ന്ന് സഡന്‍ ഡത്തിലേക്ക് നീണ്ട മത്സരത്തില്‍ ജര്‍മനിക്കായി മാറ്റ് ഹമ്മല്‍സും ജോഷ്വാ കിമ്മിച്ചും ജെറോം ബോട്ടെങും ലക്ഷ്യം കണ്ടപ്പോള്‍ ഇറ്റലിക്കായി കിക്കെടുത്ത് ജിയാകെറിനിയും മാര്‍ക്കോ പരോളോയും മാറ്റിയ സിഗ്ലിയോയും ലക്ഷ്യം കണ്ടു.
എന്നാല്‍ നാലാം കിക്കെടുത്ത മാറ്റിയോ ഡാര്‍മിയാന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തടുത്തിട്ടു. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ ജര്‍മനി ജയിക്കാമെന്നായി. ടീമിന്റെ പ്രതീക്ഷ തെറ്റിക്കാതെ കിക്കെടുത്ത ജോനാസ് ഹെക്ടര്‍ പന്ത് വലയിലെത്തിച്ചതോടെ ജര്‍മനി നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ ഫ്രാന്‍സ്-ഐസ്‌ലന്‍ഡ് മത്സരത്തിലെ വിജയികളെയാണ് ജര്‍മനി നേരിടുക.
വമ്പന്‍ മത്സരമായതിനാല്‍ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. സമീ ഖെദീരയ്ക്ക് തുടക്കത്തില്‍ തന്നെ പരുക്കേറ്റത് ജര്‍മനിയെ ആശങ്കപ്പെടുത്തി. പകരക്കാരനായി ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റിഗറെയാണ് കളത്തിലിറക്കിയത്. ഷ്വെയ്ന്‍സ്റ്റിഗര്‍ പിന്നീട് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ പന്തടക്കം കൊണ്ടും കളി കൊണ്ടും മികച്ചു നിന്നത് ജര്‍മനിയാണ്. എന്നാല്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഷ്വെയ്ന്‍സ്റ്റിഗറുടെ മികച്ചൊരു ഹെഡ്ഡര്‍ ഗോളായെങ്കിലും റഫറി അനുവദിച്ചില്ല. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ഡി സിഗ്ലിയോയെ വീഴ്ത്തിയതിനെ തുടര്‍ന്നാണ് ഗോള്‍ അനുവദിക്കാതിരുന്നത്. രണ്ടാം പകുതിയില്‍ ജര്‍മനി ആക്രമണത്തിന് തുടക്കമിട്ടു. മുള്ളറുടെ മികച്ചൊരു ഷോട്ട് ബുഫണിനെ മറികടന്നെങ്കിലും അലക്‌സാന്ദ്രോ ഫ്‌ളോറന്‍സിയുടെ തകര്‍പ്പന്‍ പ്രതിരോധം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ഇറ്റലിയെ രക്ഷിച്ചു.
ഏപ്പോള്‍ വേണമെങ്കിലും ഗോള്‍ നേടാമെന്ന പ്രതീക്ഷ അധികം വൈകാതെ തന്നെ ജര്‍മനി കാത്തു. 65ാം മിനുട്ടില്‍ മരിയോ ഗോമസ് വിങിലൂടെ നടത്തിയ മുന്നേറ്റത്തില്‍ പന്ത് ലഭിച്ച ജൊനാസ് ഹെക്ടര്‍ പന്ത് പാസ് ചെയ്‌തെങ്കിലും ബൊനൂച്ചിയുടെ കാലില്‍ തട്ടി വഴിമാറി. എന്നാല്‍ പന്ത് ലഭിച്ച ഒസില്‍ കൃത്യമായ ഷോട്ടോടെ ജര്‍മനിയെ മുന്നിലെത്തിച്ചു.
ഗോള്‍ വഴങ്ങിയതോടെ ആക്രമണങ്ങള്‍ക്ക് പകരം പ്രതിരോധമാണ് ഇറ്റലി കടുപ്പിച്ചത്. എന്നാല്‍ ജര്‍മനി വീണ്ടും നീക്കങ്ങള്‍ നടത്തി. മരിയോ ഗോമസിന്റെ തകര്‍പ്പനൊരു ഷോട്ട് ബുഫണ്‍ സേവ് ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ഇറ്റലി മത്സരത്തിലേക്ക് തിരിച്ചെത്തി. 78ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍ വച്ച് ജെറോം ബോട്ടെങ് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബൊനൂച്ചി ഇറ്റലിക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. പിന്നീട് ഇരുടീമുകളും കാര്യമായ നീക്കങ്ങള്‍ പുറത്തെടുക്കാത്തതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാല്‍ അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ആദ്യ കിക്കെടുത്ത ഇന്‍സൈനിന്റെ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ ജര്‍മനിയുടെ ടോണി ക്രൂസും പന്ത് വലയിലെത്തിച്ചു. എന്നാല്‍ സസയുടെ കിക്ക് പുറത്തേക്ക് പോയി. പെനാല്‍റ്റി കിക്കുകളില്‍ ഏറ്റവും മോശപ്പെട്ടതായിരുന്നു ഇത്. തൊട്ടുപിന്നാലെ മുള്ളര്‍ ഷോട്ട് ബുഫണ്‍ സേവ് ചെയ്തു.
പിന്നീട് ബര്‍സാഗ്ലിയുടെ കിക്ക് ലക്ഷ്യത്തിലെത്തിയതോടെ ജര്‍മനി സമ്മര്‍ദത്തിലായി. പിന്നാലെ ഒസിലിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ മുന്‍തൂക്കം നേടാനുള്ള ഇറ്റലിയുടെ ശ്രമം പെല്ലെയുടെ കിക്ക് പാഴായതോടെ അവസാനിച്ചു. ജര്‍മനിക്ക് വേണ്ടി നാലാം കിക്കെടുത്ത ഡ്രാക്‌സ്‌ലര്‍ വല കുലുക്കിയപ്പോള്‍ ബൊനൂച്ചിയുടെ ഷോട്ട് നൂയര്‍ സേവ് ചെയ്തു. ഇതോടെ ജര്‍മനിയുടെ അവസാന ഷോട്ട് നിര്‍ണായകമായി. കിക്കെടുത്ത ഷ്വെയ്ന്‍സ്റ്റിഗര്‍ ജയിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ പോരായ്മ സഡന്‍ ഡെത്തില്‍ ജര്‍മനി പരിഹരിച്ചു. അവസാന കിക്ക് തടുത്ത നൂയറാണ് ജര്‍മനിയുടെ യഥാര്‍ഥ ഹീറോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."