നല്ല ഓര്‍മകളുടെ പ്രിയമുള്ള കാലം
വ്രതാനുഷ്ഠാനം പല തരത്തിലുണ്ടെങ്കിലും റമദാന്‍ വ്രതാനുഷ്ഠാനം ഏറ്റവും പുണ്യമായ ഒന്നാണ്. ആബാലവൃദ്ധം ജനങ്ങളും ത്യാഗത്തിന് വിധേയമാകുന്നു എന്നതാണ് റമദാന്റെ പ്രത്യേകത. ഇതിലൂടെ ദൈവ കാരുണ്യത്തിന്റെ പരകോടി തേടുകയാണ് മുസ്‌ലിം സഹോദരങ്ങള്‍. കാറ്റുപോലും സൗഹൃദത്തിന്റെയും മതേതരത്വത്തിന്റെയും ഇശലുകള്‍ പാടുന്ന കാലമാണത്. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും സുന്ദര കാലം. ഉള്ളതിന്റെ പങ്ക് കൊടുക്കാന്‍ മത്സരിക്കുന്ന മനസുകളെ മനസിലാക്കുന്ന സുവര്‍ണ കാലമാണിത്.
അതിസമ്പന്നത നാടുവാഴുന്ന സന്ദര്‍ഭമാണല്ലോ ഇത്. സമ്പന്നര്‍ക്ക് വിശക്കുന്ന വയറിന്റെ കാളല്‍ അറിയില്ല. കൊടുക്കുന്നത് വേണ്ടെന്നു പറഞ്ഞ് തട്ടിത്തെറിപ്പിക്കാനുള്ള വ്യഗ്രതയും കൂടിവരുന്ന നാടായി കേരളം മാറി. ഈ സാഹചര്യത്തില്‍ വിശപ്പിന്റെ വിലയറിഞ്ഞ് മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കാന്‍ കഴിയുന്നതാണ് റമദാന്‍ കാലം. ആ നിലക്ക് റമദാന്റെ പ്രാധാന്യം വളരെ വലുതാണ്.
ഒട്ടേറെ സാമൂഹിക പ്രാധാന്യമുള്ള റമദാനോട് ചേര്‍ന്നു നില്‍ക്കാന്‍ കുട്ടിക്കാലം മുതല്‍ ശ്രമിക്കാറുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് ആദ്യമായി റമദാനെപ്പറ്റി അറിയുന്നത്. സുഹൃത്തുക്കളായ മുസ്‌ലിം കുട്ടികള്‍ ഭക്ഷണം ത്യജിച്ച് പ്രാര്‍ഥനയുമായി കഴിയുന്നത് കണ്ട് അതേപ്പറ്റി തിരക്കിയപ്പോഴാണ് 'റമദാന്‍' എന്ന പുണ്യകാലത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത്. വീട്ടിലൊക്കെ പ്രായമായവര്‍ കുളിച്ച്‌തൊഴുത് വ്രതമെടുക്കുന്നത് സുപരിചിതമായിരുന്നു. എന്നാല്‍, കുട്ടികളടക്കം ഭക്ഷണം ത്യജിച്ചുകൊണ്ടുള്ള നോമ്പ് ആദ്യം ആശ്ചര്യമാണ് ജനിപ്പിച്ചത്. തുടര്‍ന്ന് പഠനവും രാഷ്ട്രീയവുമായി കാലംകഴിഞ്ഞപ്പോള്‍ ആശ്ചര്യം വിശ്വാസത്തിനു വഴിമാറി. അങ്ങനെ റമദാന്‍കാലം എനിക്ക് ഏറ്റവും പ്രിയമുള്ളത് തന്നെയായി. മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും മാത്രം ഓര്‍മകള്‍ നല്‍കുന്ന, പ്രിയമുള്ള കാലം, റമദാന്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."